
തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് തടസമായി ശംഖുംമുഖത്ത് ടൂറിസം വകുപ്പ് നിർമ്മിച്ച കൈവരിയോടുകൂടിയ നടപ്പാത പൊളിച്ചു നീക്കിയതോടെ മുൻകാലങ്ങളിലേതുപോലെ ക്ഷേത്രാചാരങ്ങൾ നടത്താനുള്ള സൗകര്യമായി. ശംഖുംമുഖം നവീകരണത്തിന്റെ ഭാഗമായി നടത്തിയ നിർമ്മാണമാണ് പൊളിച്ചത്.കാൽനടയാത്രയ്ക്ക് തടസമുണ്ടാകുന്ന വിധത്തിലായിരുന്നു നേരത്തെ നിർമ്മാണം നടത്തിയിരുന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അന്നത്തെ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ സി.പി. ഗോപകുമാർ പൊലീസിന് പരാതി നൽകിയിരുന്നു. ഭക്തരിൽ നിന്ന് വ്യാപക പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും ക്ഷേത്ര ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദർശിച്ചിരുന്നു. പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും നീണ്ടുപോകുകയായിരുന്നു. എന്നാൽ,ഇക്കുറി പൈങ്കുനി ഉത്സവ ആറാട്ട് 29ന് ശംഖുംമുഖത്ത് നടത്താൻ തീരുമാനിച്ചതോടെയാണ് നടപ്പാത പൊളിച്ചത്. കൊവിഡ് കാരണം കഴിഞ്ഞ പൈങ്കുനി, അല്പശി ഉത്സവങ്ങളോടനുബന്ധിച്ചുള്ള ആറാട്ട് പദ്മതീർത്ഥക്കുളത്തിലാണ് നടത്തിയത്.