
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ ഫെബ്രുവരി 25ന് വെടിനിറുത്തൽ നടപ്പാക്കാൻ ധാരണയിലെത്തിയത് പല കേന്ദ്രങ്ങളെയും ഞെട്ടിച്ചിരുന്നു. ചൈന ഒട്ടും പ്രതീക്ഷിച്ചു കാണില്ല അത്. പാശ്ചാത്യ ശക്തികൾക്കും അത്ര സുഖം പകരുന്ന വാർത്തയല്ലിത്. കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശത്രുതയിൽ കഴിയുന്നത് മുതലെടുക്കാൻ വർഷങ്ങളായി ചില സ്ഥാപിത കേന്ദ്രങ്ങൾ ശ്രമിച്ചുവരികയാണ്. ഇരുരാജ്യങ്ങളിലെയും സമാധാന കാംക്ഷികളായ ജനങ്ങൾക്കൊഴികെ മറ്റാർക്കും ഇതിൽ താത്‌പര്യമില്ല എന്നതായിരുന്നു നാളിതുവരെയുള്ള സ്ഥിതി. അതിലാണ് ഇപ്പോൾ മാറ്റം സംഭവിച്ചിരിക്കുന്നത്. ഈ വെടിനിറുത്തൽ ധാരണയ്ക്ക് പിന്നിൽ ഒരു പ്രധാന പങ്ക് വഹിച്ചത് യു.എ.ഇ നടത്തിയ മദ്ധ്യസ്ഥതാ ശ്രമങ്ങളാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നിർണായക പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ യു.എ.ഇയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾ തുടങ്ങിയിരുന്നു. വെടിനിറുത്തൽ ധാരണ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം യു.എ.ഇ വിദേശകാര്യ മന്ത്രി ഷേഖ് അബ്ദുള്ള ബിൻ സയ്യദ് ഇന്ത്യ സന്ദർശിച്ച് വിദേശകാര്യമന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുമ്പ് നവംബറിൽ തന്നെ ജയശങ്കർ യു.എ.ഇയിലെത്തി ഭരണാധികാരികളുമായി ചർച്ച നടത്തിയിരുന്നു. ഡിസംബറിൽ പാക് വിദേശകാര്യമന്ത്രി ഷാ മസൂദ് ഖുറേഷിയും യു.എ.ഇയിൽ എത്തിയിരുന്നു. ഇത്തരം ചർച്ചകളിൽ യു.എ.ഇ വഹിച്ച പങ്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് രണ്ടാഴ്ച മുമ്പ് പാക് പ്രധാനമന്ത്രി ഇമ്രാൻഖാനുമായും യു.എ.ഇ ഭരണകൂടം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. ആയിടയ്ക്ക് ശ്രീലങ്കൻ യാത്രയ്ക്ക് ഇന്ത്യൻ ആകാശത്തുകൂടി പറക്കാൻ ഇമ്രാൻഖാന് അനുമതി നൽകിയത് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി പലരും വിലയിരുത്തിയിരുന്നു. 2019ന് ശേഷം ആദ്യമായാണ് പാക് വിമാനത്തിന് ഇന്ത്യ ആകാശ പാത അനുവദിച്ചത്.
സമാധാനത്തിൽ ഏർപ്പെടാൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭരണാധികാരികൾ തമ്മിൽ തീരുമാനത്തിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ സാധാരണഗതിയിൽ അത് അട്ടിമറിക്കപ്പെടുന്നതാണ് കണ്ടുവരാറുള്ളത്. ഇന്ത്യാ വിരോധം എന്നത് ഏറ്റവും എളുപ്പം സ്വദേശത്തും വിദേശത്തും വിറ്റുപോകുന്ന ഒരു മുദ്രയാക്കി മാറ്റിയത് പാകിസ്ഥാനിലെ സൈനിക നേതൃത്വമാണ്. പാകിസ്ഥാനിലെ സിവിലിയൻ ഭരണകൂടങ്ങളെ നിലയ്ക്ക് നിറുത്തുന്നതും അട്ടിമറിക്കുന്നതും 'ഇന്ത്യാ വിരോധം" എന്ന തുറുപ്പുചീട്ട് പ്രയോഗിച്ചാണ്. അതിന് പാകിസ്ഥാനിലെ സൈനിക നേതൃത്വം ചൈനയുടെയും അമേരിക്കയുടെയും സഹായം തേടും. അവർക്കത് നിർലോഭം ലഭിക്കുകയും ചെയ്യും. കാരണം ഇന്ത്യ ഒരു വൻ ശക്തിയായി വളരുന്നത് കാണാൻ ചൈന ഇഷ്ടപ്പെടുന്നില്ല. അതവരുടെ വാണിജ്യ സ്രോതസുകളുടെ ഉറവ വറ്റാൻ ഇടയാക്കും.
പാകിസ്ഥാനുമായി രമ്യതയിലെത്തിയാൽ അമേരിക്കയുമായി ഇപ്പോൾ ഇന്ത്യ പുലർത്തുന്ന നല്ല ബന്ധത്തിൽ ഉലച്ചിൽ വീഴുമോ എന്ന ആശങ്ക കച്ചവട താത്പര്യത്തിന് മുൻതൂക്കം നൽകുന്ന അമേരിക്കയെയും അലട്ടുന്നുണ്ട്. അതിനാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശത്രുതയിൽ തുടരേണ്ടത് പലരുടെയും ആവശ്യമാണ്. എന്നാൽ യു.എ.ഇയ്ക്ക് അത്തരം താത്പര്യങ്ങളില്ല. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്ഷേമം ആഗ്രഹിക്കുന്ന രാജ്യമാണത്. യു.എ.ഇ ഭരണാധികാരികളുടെ ആത്മാർത്ഥതയെ ആർക്കും ചോദ്യം ചെയ്യാനും കഴിയില്ല. ഇനി നടപ്പാക്കാനുള്ള സമാധാന നടപടികളും യു.എ.ഇയുടെ മദ്ധ്യസ്ഥതയിൽ തയ്യാറാക്കിയെന്നാണ് നയതന്ത്ര കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. കാശ്മീർ വിഷയത്തിൽ അടക്കം നിറുത്തിവച്ച സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. യു.എ.ഇയുടെ നല്ല ഇടപെടൽ ഫലം കാണാതെ വരില്ല.