road

വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരിൽ നല്ല മര്യാദക്കാരും ഒട്ടും മര്യാദയില്ലാത്തവരുമുണ്ട്. മുൻപേ പോകുന്ന വാഹനം സൈഡ് കൊടുക്കാൻ അല്പം വൈകിയാൽ അതിന്റെ ഡ്രൈവറെ വലിച്ചിറക്കി കൈയേറ്റം ചെയ്യുന്നത് പതിവു സംഭവമാണ്. പലപ്പോഴും ട്രാൻസ്പോർട്ട് ഡ്രൈവർമാരാണ് 'അതിവേഗ"ക്കാരുടെ ക്രോധത്തിന് ഇരയാകാറുള്ളത്. ഓവർടേക്കിംഗ് നിരോധിച്ചിട്ടുള്ള ഭാഗങ്ങളിൽ പോലും അതിക്രമത്തിനു മുതിരുന്നവർ ധാരാളമുണ്ട്. ഏതു സമയത്തും എവിടെയും നിസാര പ്രശ്നങ്ങളുടെ പേരിൽ വാഹന യാത്രക്കാർക്കു നേരെ ആക്രമണവും കശപിശയും അടിയുമൊക്കെ റോഡുകളിൽ നിത്യസംഭവങ്ങളാണ്. മോട്ടോർ വാഹന നിയമത്തിൽ ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക വകുപ്പൊന്നുമില്ല.

പൊലീസിനു കേസെടുക്കാം. സ്റ്റേഷനും കോടതിയുമൊക്കെ കയറേണ്ടിവരുന്ന പൊല്ലാപ്പ് ഓർത്ത് പലരും അതിനു മുതിരാറുമില്ല. വാഹനം ഓടിക്കുന്നവരിൽ നിന്ന് അതിക്രമം നേരിടുന്നവരുടെ പരിരക്ഷയ്ക്കു പ്രത്യേക നിയമം കൊണ്ടുവരണമെന്നുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ഏറെ പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. കടയുടെ മുൻപിൽ ഹൈക്കോടതി വക കാർ നിറുത്തി ഡ്രൈവർ വെള്ളം വാങ്ങാൻ പോയതാണ് പ്രശ്നമായത്. കടയിലേക്കു കയറാനാകാത്തവിധം ഇട്ടിരുന്ന കാർ ഉടൻ മാറ്റാനാവശ്യപ്പെട്ട് അതുവഴി വന്ന ട്രക്കിന്റെ ഡ്രൈവർ വഴക്കുണ്ടാക്കി.

അരിശം മൂത്ത് കാറിൽ ട്രക്കിടിപ്പിച്ചു കാര്യമായ കേടുവരുത്തുകയും ചെയ്തു. കാറിൽ ഹൈക്കോടതിയുടെ ചുവന്ന ബോർഡുണ്ടായിരുന്നത് അക്രമിയെ കൂടുതൽ പ്രകോപിപ്പിച്ചുവത്രെ. ഹൈക്കോടതി എന്നു ബോർഡ് വച്ചാൽ എന്തുമാകാമെന്നോ എന്നായിരുന്നു ആക്രോശം. കാർ കേടാക്കിയതിന്റെ പേരിൽ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു കേസും എടുത്തു. കീഴ്‌കോടതിയിൽ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.

കേസ് പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ച് റോഡിൽ ഇതുപോലെ അതിക്രമങ്ങൾക്കു തുനിയുന്നവരെ ശിക്ഷിക്കാൻ മോട്ടോർ വാഹന നിയമത്തിൽ പ്രത്യേകം വകുപ്പ് എഴുതിച്ചേർക്കാൻ നടപടി എടുക്കേണ്ടതിന്റെ ആവശ്യകത ഭരണാധികാരികളെ ഓർമ്മിപ്പിച്ചത്. വാഹനം ഓടിക്കുന്നവരുടെ മാനസിക നില അപകടങ്ങൾ തടയുന്നതിൽ പ്രധാന ഘടകമാണ്. ദേഷ്യവും ക്രോധവും മനസിനെ കീഴ്‌പ്പെടുത്തുമ്പോൾ വാഹനം ഓടിക്കുന്നവർക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം തന്നെ ഇല്ലാതായേക്കും.

ഭരണകൂടങ്ങൾ ഇതുവരെ ശ്രദ്ധിക്കാതിരുന്ന ഗൗരവമേറിയ ഒരു കാര്യത്തിലേക്കാണ് ഹൈക്കോടതി ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. നിസാര പ്രശ്നങ്ങളുടെ പേരിൽ പൊതുനിരത്തുകളിൽ വച്ച് അക്രമികളുടെ ഭർത്സനത്തിനും കൈയേറ്റത്തിനും വരെ ഇരയാകേണ്ടി വരാറുള്ള നിരപരാധികളുടെ രക്ഷയ്ക്കാണ് ഹൈക്കോടതി എത്തിയിരിക്കുന്നത്. പൊതുനിരത്തുകൾ കൈയടക്കി വിഹരിക്കുന്ന നിയമലംഘകർക്കുള്ള താക്കീതു കൂടിയാണിത്.

മാതൃകയാക്കാവുന്ന ഒരു റോഡ് സംസ്കാരം നമുക്ക് ഇപ്പോഴും അന്യമാണ്. പൊതുനിരത്തുകൾ സ്ഥിരം സംഘർഷവേദികളാകുന്നതിന്റെ കാരണവും ഇതാണ്. ട്രാഫിക് നിയമങ്ങൾ ഇത്രമാത്രം നഗ്നമായി ലംഘിക്കുന്ന ഒരിടം വേറെ കാണില്ലെന്നു തോന്നിപ്പിക്കും വിധമാണ് നിരത്തുകളിലെ വിളയാട്ടം. വാഹനപ്പെരുപ്പത്തിനനുസരിച്ച് നിരത്തുകൾ വളരുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. അതിനൊപ്പം തന്നെയാണ് ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിൽ കാണുന്ന അലംഭാവം.