തിരുവനന്തപുരം: മന്ത്രി കടകംപള്ളി സരേന്ദ്രനെ പൂതന എന്നുവിളിച്ചതിൽ ഉറച്ചു നിൽക്കുകയാണെന്ന് കഴക്കൂട്ടത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴക്കൂട്ടത്തെ ജനം അധികാരത്തിന്റെ ദണ്ഡ് എന്ന് തിരിച്ചുവാങ്ങുന്നവോ അന്ന് കടകംപള്ളിക്ക് പൂതനാമോക്ഷം കിട്ടും. പരാജയഭീതികൊണ്ടാണ് കടകംപള്ളി പരാതിയുമായി വരുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കടകംപള്ളിക്ക് പെട്ടെന്ന് ഭക്തിയും ഖേദപ്രകടനവും ഒക്കെയുണ്ടായി.ഉപ്പുതിന്ന കടകംപള്ളി വെള്ളം കുടിക്കും.
ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാൻ ജീവൻ നൽകാൻ പോലും തയ്യാറാണ്. ആചാരലംഘനത്തിന് തയ്യാറായിരിക്കുന്ന എൽ.ഡി.എഫിനും ഗ്യാലറിയിലിരുന്ന് കളികാണുന്ന യു.ഡി.എഫിനും വിശ്വാസികളുടെ ശക്തി തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോൾ മനസിലാകും. അവസരം ലഭിച്ചാൽ ഇനിയും ആചാരം ലംഘിക്കുമെന്നാണ് കാനം രാജേന്ദ്രന്റെയും പിണറായി വിജയന്റെയും പ്രസ്താവനകൾ വ്യക്തമാക്കുന്നത്.
അയ്യപ്പസ്വാമിയെ അധിക്ഷേപിക്കുന്ന സ്വരാജിനോടും യുവതീപ്രവേശം വേണമെന്ന യെച്ചൂരിയോടും എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സരേന്ദ്രന് എന്ത് നിലപാടാണുള്ളതെന്നറിയാൻ കഴക്കൂട്ടത്തെ വോട്ടർമാർക്ക് ആഗ്രഹമുണ്ട്. ഉദ്യോഗാർത്ഥികൾ ജോലിക്കുവേണ്ടി മുട്ടിലിഴഞ്ഞ് സമരം ചെയ്യുകയാണ് കേരളത്തിൽ. ഭാര്യമാരെയും സ്വന്തക്കാരെയും ബന്ധുക്കളെയും ഉന്നത പദവികളിലടക്കം പിൻവാതിലിലൂടെ നിയമിച്ച സർക്കാർ സി.പി.എം നേതാക്കളുടെ കുടുംബങ്ങളെ രക്ഷപ്പെടുത്തിയെന്നും ശോഭ പറഞ്ഞു.