തിരുവനന്തപുരം: ക്ഷയരോഗ നിരക്ക് കുറച്ചതിനുള്ള കേന്ദ്രസർക്കാരിന്റെ അവാർഡിന് കേരളം അർഹമായി. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ക്ഷയരോഗ നിരക്ക് സംസ്ഥാനത്ത് 37.5 ശതമാനം കുറച്ചതായി കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡെമിയോളജി, ലോകാരോഗ്യസംഘടന, ഇന്ത്യൻ അസോസിയേഷൻ ഒഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ എന്നിവയിൽ നിന്നുള്ള 26 അംഗസംഘം 60 സർവേ ടീമുകളുടെ സഹായത്തോടെ 83,000 വ്യക്തികളെ പരിശോധിച്ചാണ് വിലയിരുത്തൽ നടത്തിയത്.
അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ക്ഷയരോഗമില്ലാത്ത 561 പഞ്ചായത്തുകളെയും ക്ഷയരോഗ ചികിത്സ ഇടയ്ക്കുവച്ചു നിറുത്താത്ത 688 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെയും ഡ്രഗ് റെസിസ്റ്റന്റ് ടി.ബി ഇല്ലാത്ത 707 തദ്ദേശ സ്ഥാപനങ്ങളെയും കണ്ടെത്തി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് സംസ്ഥാനം ഈ നേട്ടത്തിന് അർഹമായത്.