
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിവോട്ടർമാരുടെയും യുവാക്കളുടെയും പ്രാതിനിദ്ധ്യം അനിവാര്യമാണെന്നും ഇന്നത്തെ വോട്ട് നാളെയുടെ ഭാവിയാണെന്ന കാര്യം മറക്കരുതെന്നും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. സ്വീപിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച കന്നി വോട്ടർമാർക്കുള്ള ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. സ്വീപ്, ജില്ലാ ഭരണകൂടം, ഗവ. വിമെൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഒപ്പുശേഖരണം നടക്കുന്നത്. വിവിധ കോളേജുകളിൽ നിന്നുള്ള കാമ്പസ് അംബാസഡർമാരാണ് പങ്കെടുക്കുക. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള കന്നി വോട്ടർമാർ വരും ദിവസങ്ങളിൽ ഇവിടെയെത്തി നിയമസഭാ തിരഞ്ഞെടുപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒപ്പ് രേഖപ്പെടുത്തും. ജില്ലാ വികസന കമ്മീഷണർ വിനയ് ഗോയൽ, തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ സുശീൽ ശർവൺ തുടങ്ങിയവർ പങ്കെടുത്തു.