
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് എ.ഐ.സി.സി വക്താവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയും പ്രകടന പത്രികയും പുറത്തിറങ്ങും മുമ്പ് തയ്യാറാക്കിയ സർവേ ഫലങ്ങളിൽ യാഥാർത്ഥ്യമില്ല. മാദ്ധ്യമങ്ങളുടെ ഈ അവസ്ഥ പരിതാപകരമാണ്. സർവേകളെ ജനങ്ങൾ തിരസ്‌കരിക്കും. വർഗീയത പരത്തി യഥാർത്ഥ വിഷയങ്ങൾ മറച്ചുവയ്‌ക്കാനാണ് ബി.ജെ.പി ശ്രമം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നികുതി കുറയ്‌ക്കാത്തതാണ് ഇന്ധന വിലവർദ്ധനവിന് കാരണം. ഇന്ധനവില വർദ്ധനവിനെതിരെ എൽ.ഡി.എഫോ കേരള സർക്കാരോ പ്രതിഷേധിക്കുന്നില്ല.
ആർ.എസ്.എസ് നേതാവ് ആർ. ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ധാരണയാണ് സൂചിപ്പിക്കുന്നത്. കോൺഗ്രസിന് ചെലവഴിക്കാൻ പണമില്ല. നല്ല സ്ഥാനാർത്ഥികളും പ്രത്യയശാസ്ത്രവും മാത്രമാണുള്ളത്. ജനങ്ങൾ അത് അംഗീകരിക്കും. സംസ്ഥാന സർക്കാർ ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിവിട്ട് പോകുന്നവർ സ്വന്തം കാര്യം മാത്രം നോക്കുന്നവരാണെന്നും പവൻ കൂട്ടിച്ചേർത്തു.