
കാസർകോട്: കോൺഗ്രസിന് സമീപകാലത്തൊന്നും കണികാണാൻ ഒരു നിയമസഭാ സീറ്റും ലഭിക്കാത്ത കാസർകോട് ജില്ലയിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയോട്ടം. മാവേലി എക്സ്‌പ്രസിൽ എത്തിയ ശേഷം ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിലിനൊപ്പം ഗസ്റ്റ് ഹൗസിലെത്തി. പ്രചാരണ തിരക്കിലും പതിവ് വ്യായാമത്തിന് അൽപം സമയം കണ്ടെത്തി. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ കാഞ്ഞങ്ങാട് യു.ഡി.എഫ്. സ്ഥാനാർത്ഥി പി.വി. സുരേഷുമായി അൽപ്പ നേരം സൗഹൃദ സംഭാഷണം. ശ്രീജിത്ത് മാടക്കലും കൂടെയുണ്ടായിരുന്നു. വിജയപ്രതീക്ഷകൾ ചെന്നിത്തലയുമായി പങ്കുവെച്ചു സുരേഷ് പ്രചാരണ തിരക്കിലേക്ക് മടങ്ങി. ഈ സമയം കാസർകോട് സ്ഥാനാർത്ഥി എൻ.എ. നെല്ലിക്കുന്നിനെ മൂന്നാമതും നിർത്തിയതിൽ പ്രതിഷേധിച്ച് രാജിവച്ച ഡി.സി.സി. ജനറൽ സെക്രട്ടറി കരുൺ താപ്പ കാണാനെത്തി.
ഹക്കിം കുന്നിലിന്റെ സാന്നിദ്ധ്യത്തിൽ 20 മിനുട്ട് ചർച്ച. എൻ.എ. നെല്ലിക്കുന്നിനെയും വിളിച്ച് സംസാരിച്ചതോടെ താത്കാലികമായി വെടി നിർത്തൽ. അപ്പോഴേക്കും കാറഡുക്ക ബ്ലോക്ക് ഭാരവാഹികൾ ഡി.സി.സി. ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാരുടെ ഒപ്പം ചെന്നിത്തലയെ കാണാനെത്തി. അവരെ പറഞ്ഞുവിട്ട ശേഷം എട്ടരയ്ക്ക് തന്നെ കാസർകോട് പ്രസ് ക്ലബിന്റെ പഞ്ചസഭ പരിപാടിക്ക് കയറി.
എം.പി. രാജ്‌മോഹൻ ഉണ്ണിത്താനും മുൻമന്ത്രി സി.ടി. അഹമ്മദലിയും എൻ.എ. നെല്ലിക്കുന്നും ഒപ്പം ചേർന്നു. പ്രസ് ക്ലബിൽ മാദ്ധ്യമ പട തന്നെ ചെന്നിത്തലയെ കാത്തുനിൽപ്പുണ്ടായിരുന്നു. പഞ്ചസഭയെ പുകഴ്ത്തി തുടങ്ങിയ പ്രതിപക്ഷ നേതാവ് മാർക്സിസ്റ്റ് പാർട്ടി കിഫ്‌ബി മാദ്ധ്യമ അജണ്ടയെ വിടാതെ ആക്രമിച്ചു. തന്നെ വ്യക്തിപരമായി ആക്ഷേപിച്ചതിലുള്ള അസഹിഷ്ണുത അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചിരുന്നു.
'ജനാധിപത്യ വോട്ടും' കുമാരി വോട്ടും വിമർശിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിൽ പിടിച്ചു സി.പി.എം-ബി.ജെ.പി ഡീലിനെ തുറന്നുകാണിച്ചു ലീഡർ ഇറങ്ങി. കാറിൽ കയറുന്നതിന് മുമ്പ് എല്ലാവരുമായും സൗഹൃദം പുതുക്കി. ഇടയ്ക്ക് ഒരു മൂലയിലേക്ക് വിളിച്ച് ധന്യ സുരേഷും ഗീത കൃഷ്ണനും നേതാവിനോട് രഹസ്യം പറഞ്ഞു. പിന്നെ ഓട്ട പ്രദക്ഷിണം ആയിരുന്നു. കിലോമീറ്ററുകൾ അകലെയുള്ള പൈവളിഗെയിലേക്ക്. സാമാന്യം നല്ല ജനക്കൂട്ടം. ഉചിതമായ വരവേൽപ്. അതിർത്തിയിലെ ജനങ്ങളോട് കൃത്യമായ പ്രസംഗം. സ്ഥാനാർത്ഥി എ.കെ.എം. അഷ്റഫും നേതാക്കളും നേതാവിന്റെ വരവ് കാത്തുനിൽക്കുകയായിരുന്നു. അടുത്ത ഓട്ടം 11.30 ഓടെ നെല്ലിക്കുന്നിൽ ആയിരുന്നു. എൻ.എ. നെല്ലിക്കുന്നിന്റെ വീട്ടിനടുത്തെ പന്തലിൽ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കുടുംബസംഗമം. കരുൺ താപ്പയും പി.എ. അഷ്റഫലിയും യു.എസ്. ബാലനും ടി.ഇ. അബ്ദുള്ളയും എ. അബ്ദുൾ റഹ്മാനും മുനീർ ഹാജിയും കെ.എം. ബഷീറും അടക്കമുള്ള യു.ഡി.എഫ്. നേതാക്കൾക്ക് ഇടയിലേക്ക് ചെന്നിത്തലയും എം.പിയും എത്തിയത് ആവേശം പകർന്നു.
'നരേന്ദ്ര മോദി ആകാശം വിൽക്കുന്നു പിണറായി വിജയൻ കടൽ വിൽക്കുന്നു.. 'ചെന്നിത്തല പ്രസംഗം തുടങ്ങിയത് തീരദേശത്തെ പ്രവർത്തകരെ ആവേശം കൊള്ളിച്ചു. അമേരിക്കൻ കമ്പനിയെ കുറിച്ചു പറഞ്ഞപ്പോൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ എന്നെ വട്ടൻ എന്ന് വിളിച്ചു. യഥാർത്ഥ വട്ടുള്ളവർ അല്ലേ മറ്റുള്ളവരെ ഭ്രാന്തൻ എന്ന് വിളിക്കുക.. ചെന്നിത്തലയുടെ പ്രസംഗം ആളുകൾക്ക് നന്നായി രസിച്ചു. ഉദുമ മണ്ഡലത്തിൽ മേൽപറമ്പിൽ ജില്ലാ ലീഗ് ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ വീട്ടുവളപ്പിൽ ആണ് പന്തൽ ഒരുക്കിയത്. സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയും പ്രവർത്തകരും നേതാവിന്റെ സമ്മേളനത്തിൽ സജീവമായി. നിങ്ങൾക്ക് ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് ബാലകൃഷ്ണൻ പെരിയ. നല്ല ഭൂരിപക്ഷം നൽകി വിജയിപ്പിച്ചോളണം ആൾക്കൂട്ടം കണ്ട് ആവേശം കയറിയ ചെന്നിത്തല പറഞ്ഞു. ചുരുക്കം വാക്കുകളിൽ കുറിക്ക് കൊള്ളുന്ന വിധം ആഞ്ഞടിച്ചാണ് ചെന്നിത്തലയുടെ പ്രസംഗം. ആളുകൾ ഹർഷാരവം മുഴക്കിയാണ് നേതാവിനെ യാത്രയാക്കി. കാഞ്ഞങ്ങാട് മണ്ഡലത്തിലും ചെറുവത്തൂരിലും ചെന്നിത്തല യു.ഡി.എഫ് യോഗങ്ങളിൽ പങ്കെടുത്തു. യു.ഡി.എഫ് തിരിച്ചു വരും കേരളം അനുകൂലം' എന്ന ഒറ്റവാക്കിൽ വലിയ പ്രതീക്ഷകൾ വോട്ടർമാരുമായി പങ്കുവെച്ചു.