
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും ബി.ജെ.പിയും കോൺഗ്രസിനെതിരെ ഒത്തുകളിക്കുകയാണെന്ന് എ.ഐ.സി.സി നിരീക്ഷകൻ ഡോ. ജി. പരമേശ്വര പറഞ്ഞു. സ്വർണക്കടത്തിൽ തന്റെ പ്രിൻസിപ്പൽ സെക്രട്ടറിവരെ അറസ്റ്റിലായിട്ടും അതുമായി മുഖ്യമന്ത്രി പിണറായി വിജയനെന്താണ് ബന്ധമെന്ന് പറയാൻ കേന്ദ്രഅന്വേഷണ ഏജൻസികൾ മടിക്കുന്നു. അറിഞ്ഞിടത്തോളം അവർ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ്. ഇത് ഇടതുമുന്നണിയെ സഹായിക്കുന്ന കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നിലപാടാണ്. ഭരണത്തിന്റെ എല്ലാ മേഖലയിലും പരാജയപ്പെട്ട പിണറായി സർക്കാരിനെതിരായിരിക്കും ജനവിധി.
ചില ഏജൻസികൾ നടത്തുന്ന സർവേകളിൽ കാര്യമില്ല. അതൊന്നും പൂർണമായും ശരിയല്ല. പുതുമുഖ സ്ഥാനാർത്ഥികളും കരുത്തുറ്റ നേതൃത്വവും യു.ഡി.എഫിന് വിജയം സമ്മാനിക്കും. മുഖ്യമന്ത്രിയാരെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുന്നതാണ് കോൺഗ്രസ് രീതി. അത് ഇവിടെയും തുടരും. ചില നേതാക്കൾ പാർട്ടി വിടുന്നുവെന്നത് ആനക്കാര്യമൊന്നുമല്ല. ദേശീയതലത്തിൽ പല നേതാക്കളും പാർട്ടിമാറി പോകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അത് ആശയപരമല്ല, വ്യക്തിപരമാണെന്നും പരമേശ്വര പറഞ്ഞു.
കേന്ദ്രനിരീക്ഷകനായെത്തിയ കർണാടക പി.സി.സി അദ്ധ്യക്ഷൻ കൂടിയായ പരമേശ്വര രണ്ടുദിവസം സംസ്ഥാനത്ത് പര്യടനം നടത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഗോവ മുൻ മുഖ്യമന്ത്രി ലുസിനോ ഫെലേറിയോ എന്നിവരാണ് മറ്റ് കേന്ദ്ര നിരീക്ഷകർ.