 കോൺഗ്രസിന് തലവേദനയായി കോഴിഞ്ഞുപോക്ക്

 രാജഗോപാലിന്റെ കമന്റിൽ പകച്ച് ബി.ജെ.പി

 എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കി സ്പീക്കർക്കെതിരായ മൊഴി

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തീ പിടിച്ചതോടെ, മാരകായുധങ്ങളൊരുക്കി പുതിയ ആക്രമണ, പ്രത്യാക്രമണങ്ങൾക്കുള്ള തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ. വോട്ടർ പട്ടികയിലെ ഇരട്ട വോട്ട് വിവാദം യു.ഡി.എഫിന് പുതിയ ആയുധമായപ്പോൾ കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് എൽ.ഡി.എഫ് പിടിവള്ളിയാക്കുന്നത്. അതേസമയം, സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്നയും സരിത്തും നൽകിയ മൊഴികൾ ഇന്നലെ പുറത്തു വന്നത് എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കി.

തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളില്ലാതായതിന് പിന്നാലെ, പാർട്ടി സീനിയർ നേതാവ് ഒ.രാജഗോപാലിന്റെ ഒടുവിലത്തെ കമന്റും പ്രതിരോധ തന്ത്രങ്ങൾക്കിടയിലും ബി.ജെ.പിയെ വെട്ടിലാക്കി. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ് ബി.ജെ.പി ഇവിടെ വളരാത്തതെന്നാണ് അദ്ദേഹം പറഞ്ഞത്.

സി.പി.എമ്മിനോട് കൂറു പുലർത്തുന്ന ഉദ്യോഗസ്ഥരാണ് ഇരട്ടവോട്ടുകൾ ചേർത്തതെന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്,താൻ ഉന്നയിച്ച ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിവച്ചത് ആക്രമണവീര്യം കൂട്ടിയിട്ടുണ്ട്. കോൺഗ്രസുകാർ ചേർത്ത ഇരട്ട വോട്ടുകളെച്ചൊല്ലിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്നാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്.

കൊഴിഞ്ഞു പോക്ക്

തുടർക്കഥയാവുന്നു

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി പി.എം.സുരേഷ് ബാബു ഇന്നലെ പാർട്ടിയോട് വിടപറഞ്ഞതാണ് കോൺഗ്രസിനേറ്റ പുതിയ ആഘാതം. ദേശീയ തലത്തിൽ കോൺഗ്രസിനെ നയിക്കാൻ ആളില്ലെന്ന് കുറ്റപ്പെടുത്തിയ സുരേഷ് ബാബുവും ചേക്കേറുന്നത് ഇടതു മുന്നണിയിലേക്കാണ്. അടുത്തിടെ കോൺഗ്രസ് വിട്ട പി.സി.ചാക്കോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

എലത്തൂർ സീറ്റിലെ തർക്കം ഒരുവിധത്തിൽ പരിഹരിക്കാനായത് യു.ഡി.എഫിനേ നേരിയ ആശ്വാസമായി. എൻ.സി.കെയ്ക്ക് സീറ്റു നൽകിയതിനെച്ചൊല്ലി ഇടഞ്ഞു നിന്ന എം.കെ.രാഘവൻ എം.പി, ജില്ലയിലെ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉപാധികൾക്ക് വിധേയമായി സുൾഫിക്കർ മയൂരിക്ക് വേണ്ടി പ്രവർത്തിക്കാമെന്ന് സമ്മതിച്ചു.

അതിനിടെ,നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്ന ആരോപണം തെളിയിക്കാൻ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയെ ഉമ്മൻചാണ്ടി വെല്ലുവിളിച്ചു. പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അവസരവും ബി.ജെ.പിക്ക് ഏഴു സീറ്റ് വിജയവുമെന്ന രഹസ്യ ധാരണയുണ്ടെന്നാണ് ഉമ്മൻചാണ്ടിയുടെ പ്രത്യാരാേപണം .

തലയൂരാനാവാതെ

ബി.ജെ.പിക്ക് തലശേരി

സ്ഥാനാർത്ഥി ഇല്ലാതായ തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട ബദൽ നീക്കത്തെക്കുറിച്ചാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആലോചന. സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിക്കുന്ന മുൻ സി.പി.എം നേതാവ് സി.ഒ.ടി നസീർ, ബി.ജെ.പിയുടെ പിന്തുണ വേണ്ടെന്ന നിലപാടിലാണ്. തലശ്ശേരിയിൽ അവശേഷിക്കുന്ന സ്വതന്ത്രൻ എം.പി.അരവിന്ദാക്ഷനാണ്. ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരെ പിന്തുണയ്ക്കുന്നത് എൻ.ഡി.എ പരിഗണിക്കുന്നുണ്ട്.

.