bd

തിരുവനന്തപുരം: അപകടത്തെക്കുറിച്ച് ഓർക്കുമ്പോൾ ആർട്ടിസ്റ്റ് ബി.ഡി. ദത്തന്റെയും ഭാര്യ വസന്തയുടെയും മുഖത്ത് ഭയപ്പാട് നിറയും. ജവഹർ ബാലഭവൻ വളപ്പിൽ മറിഞ്ഞുവീണ മരങ്ങളിൽ ഒടുവിലത്തേത് പതിച്ചത് ബി.ഡി. ദത്തന്റെ വീട്ടിനു മുകളിലേക്കാണ്. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. ബൊട്ടാണിക്കൽ ഫാന്റസി പരമ്പരയിൽപ്പെട്ട ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ''തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടു...''- ബി.ഡി. ദത്തൻ പറഞ്ഞു. വീടിന്റെ മേൽക്കൂര തകർന്നു. ഭാര്യ വസന്തയുടെ കൈക്ക് നിസാര പരിക്കേറ്റു. ഫൈബർ ഷീറ്റ് ദേഹത്ത് വീണെങ്കിലും ദത്തൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽ വീട്ടിലെ ജലസംഭരണി തകർന്നിട്ടുണ്ട്. ഗാലറിയിൽ സൂക്ഷിച്ചിരുന്ന 60 ലക്ഷത്തോളം രൂപയുടെ പെയിന്റിംഗുകളും സ്റ്റുഡിയോയും പൂർണമായി നശിച്ചു. വീടിനും സാരമായ നാശനഷ്ടങ്ങൾ ഉണ്ടായി. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.

വീടിന് തൊട്ടടുത്തെ ജവഹർ ബാലഭവൻ വളപ്പിൽ നിന്ന മറ്റ് നാല് മരങ്ങൾ സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് പതിച്ചത്. അപകടാവസ്ഥയിൽ നിന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബാലഭവനിലും കവടിയാർ വില്ലേജ് ഓഫീസിലും ദത്തൻ 2003 മുതൽ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ബാലഭവൻ വളപ്പിൽ ഇനിയും നിരവധി മരങ്ങൾ അപകടാവസ്ഥയിലുണ്ട്. പലപ്പോഴും സ്വന്തം ചെലവിലാണ് ദത്തൻ മരങ്ങളുടെ ചില്ലകൾ മുറിച്ച് നീക്കുന്നത്.
വാട്ടർടാങ്ക് പൊട്ടി വെള്ളം ഒലിച്ചാണ് 60 ലക്ഷത്തോളം രൂപ വിലവരുന്ന 400ഓളം പെയിന്റിംഗുകൾ നശിച്ചത്. ചിത്രം വരയ്ക്കാനായി നിർമ്മിച്ച ഗാലറിയും തകർന്നു. മൂന്ന് മാസം മുമ്പ് ഏകദേശം 3 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ ഗാലറി നിർമ്മിച്ചത്. ഇലക്ട്രിക് വയറിംഗിനും നാശനഷ്ടമുണ്ടായി.

അപകട ഭീതിയായി മരങ്ങൾ

ജവഹർ ബാലഭവൻ വളപ്പിൽ അപകട സാദ്ധ്യതയുള്ള നാല് മരങ്ങൾ ഇനിയും ബാക്കിയുണ്ട്. ഇവ മുറിച്ചുമാറ്റണമെന്ന് കാണിച്ച് ഇന്നലെയും ബി.ഡി. ദത്തൻ

റവന്യൂ, നഗരസഭ, ജവഹർ ബാലഭവൻ അധികൃതർക്ക് പരാതി നൽകി. റവന്യൂ, നഗരസഭ ഉദ്യോഗസ്ഥർ ഇന്നലെ സംഭവസ്ഥലത്ത് എത്തിയിരുന്നു.