
തിരുവനന്തപുരം:അമേരിക്കൻ എതിർപ്പ് കാരണം ഒരുവർഷം മുമ്പ് വിക്ഷേപണം മാറ്റിവച്ച ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജി.ഐ.സാറ്റ് 01 ഈ മാസം 28ന് വിക്ഷേപിക്കും.അതിർത്തിയിൽ ഉൾപ്പെടെ ഇന്ത്യയുടെ കരയിലെയും കടലിലെയും ചലനങ്ങൾ തത്സമയം നിരീക്ഷിക്കാൻ ജിയോ ഇമേജിംഗ് സാറ്റലൈറ്റ് എന്ന ജി - ഐസാറ്റ് 1ന് കഴിയും
ശ്രീഹരിക്കോട്ടെയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ നിന്ന് ജി.എസ്.എൽ.വി. എഫ് 10റോക്കറ്റിൽ താൽക്കാലിക ഭ്രമണപഥത്തിൽ എത്തിക്കുന്ന ജി ഐസാറ്റ് പിന്നീട് സ്വന്തം ഇന്ധനം ജ്വലിപ്പിച്ച് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് കയറും. ഭൂമദ്ധ്യ രേഖയ്‌ക്ക് മീതേ 36,000 കിലോമീറ്റർ ഉയരത്തിലാവും ഉപഗ്രഹത്തെ പ്രതിഷ്‌ഠിക്കുക.
കഴിഞ്ഞ വർഷം മാർച്ച് 5ന് നടത്താനിരുന്ന വിക്ഷേപണം അവസാന നിമിഷം ഉന്നത ഇടപെടൽ കാരണം മാറ്റുകയായിരുന്നു. ഉപഗ്രഹത്തിലെ സെൻസറുകളിലെ ഘടകങ്ങളിൽ അമേരിക്കയ്‌ക്ക് ആശങ്കയുണ്ടായിരുന്നു എന്ന് റിപ്പോർട്ടുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് വിക്ഷേപണം മാറ്റിയതെന്നായിരുന്നു ഐ. എസ്. ആർ. ഒയുടെ വിശദീകരണം. ഉപഗ്രഹത്തിന്റെ ഘടനയിൽ കാര്യമായ മാറ്റമില്ലാതെയാണത്രേ ഇപ്പോൾ വിക്ഷേപിക്കുന്നത്.അമേരിക്ക, ചൈന തുടങ്ങിയ ചില രാജ്യങ്ങൾക്ക് ഇത്തരം ഉപഗ്രഹങ്ങളുണ്ട്.
പ്രത്യേകതകൾ
@മറ്റ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ ലോവർ എർത്ത് ഓർബിറ്റിലോ സൺ സിൻക്രണൈസ്ഡ് ഓർബിറ്റിലോ ആണ്. ഉപഗ്രഹം ഓരോ തവണ കറങ്ങി വരുമ്പോൾ മാത്രമേ ഒരു പ്രദേശത്തിന്റെ ചിത്രങ്ങൾ പകർത്താനാകൂ.
@ ജി.ഐ.സാറ്റ് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലായതിനാൽ ഭൂമിയുടെ ഭ്രമണത്തിനു സമാനമായി ഉപഗ്രഹവും കറങ്ങും. അതിനാൽ ഇന്ത്യയുടെ തൽസമയ ദൃശ്യം തുടർച്ചയായി പകർത്താം.
@രാത്രിയിൽ ഇൻഫ്രാറെഡ്, തെർമൽ ഇമേജിംഗ് സങ്കേതം ദൃശ്യങ്ങൾ പകർത്തും.
@30 മിനിറ്റ് ഇടവേളയിൽ ശരാശരി 50 മീറ്റർ സ്‌പേഷ്യൽ റെസലൂഷൻ ഉള്ള ദൃശ്യങ്ങൾ അയയ്‌ക്കും. ഇന്ത്യയുടെ കര, സമുദ്രാതിർത്തിയിലെ സൂക്ഷ്മമായ ചലനങ്ങൾ പോലും കണ്ടെത്തും. മേഘങ്ങൾ ജി ഐസാറ്റിന്റെ കാഴ്ച മറയ്ക്കുന്നതാണ് പോരായ്‌മ.
@പ്രകൃതി ദുരന്തങ്ങൾ നിരീക്ഷിക്കാനും കാലാവസ്ഥാ വിശകലനത്തിനും പ്രയോജനപ്പെടും.
#ജി.ഐ.സാറ്റ് 1
ഭാരം: 2268 കിലോഗ്രാം
കാലാവധി: 7 വർഷം.
ലക്ഷ്യം:ഇന്ത്യൻ ഉപഭൂഖണ്ഡ നിരീക്ഷണം, അതിർത്തി സംരക്ഷണം, പ്രകൃതിദുരന്തം,ഭൂപ്രകൃതി അവലോകനം
ഉപകരണങ്ങൾ :
1).മൾട്ടി, ഹൈപ്പർ സ്‌പെക്ട്രൽ ഇമേജർ,
2).700 മിമി റിച്ചെ–ക്രേഷ്യൻ ടെലസ്‌കോപ്,
3).ഹൈ–റെസലൂഷൻ ക്യാമറ