തിരുവനന്തപുരം: ചലച്ചിത്ര നടൻ ജഗദീഷിന്റെ നേതൃത്വത്തിൽ സർക്കാർ സ്‌കൂളിൽ നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരണം സി.പി.എം പ്രാദേശിക നേതാക്കൾ തടഞ്ഞു. തൈക്കാട് ഗവൺമെന്റ് മോഡൽ എൽ.പി. സ്‌കൂളിലെ ഡിജിറ്റൽ സ്റ്റുഡിയോ വാടകയ്‌ക്കെടുത്താണ് വീഡിയോ ചിത്രീകരണം നടത്തിയത്. യു.ഡി.എഫിന്റെ പ്രകടനപത്രികയുടെ പ്രസക്ത ഭാഗങ്ങളാണ് ജഗദീഷ് അവതരിപ്പിക്കുന്ന രീതിയിൽ ചിത്രീകരിച്ചത്.

ചലച്ചിത്ര നിർമ്മാതാവായ രഞ്ജിത്തായിരുന്നു വീഡിയോയുടെ സംവിധാനം. സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന് വിളിക്കുന്നുണ്ടെന്നും എല്ലായിടത്തും എത്താനാവാത്തതിനാലാണ് ഇവർക്കായി പ്രചാരണ വീഡിയോ തയ്യാറാക്കുന്നതെന്നും നടൻ ജഗദീഷ് പറഞ്ഞു. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് യുട്യൂബ് ചാനൽ നടത്തുന്നതിനടക്കമാണ് കൊവിഡ് സമയത്ത് സ്‌കൂളിൽ പുതിയ സ്റ്റുഡിയോ ഫ്‌ളോർ നിർമ്മിച്ചത്.
വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ സ്റ്റുഡിയോ മറ്റ് ആവശ്യങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്നാരോപിച്ചാണ് സി.പി.എം കൗൺസിലർ ജി.മാധവദാസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പാപ്പച്ചൻ, പ്രദീപ് കുമാർ എന്നിവർ സ്‌കൂളിലെത്തിയത്. രാഷ്ട്രീയകാര്യങ്ങൾക്കായുള്ള ഷൂട്ടിംഗ് നിറുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെ ജഗദീഷും സംഘവും ഷൂട്ടിംഗ് നിറുത്തി മടങ്ങുകയായിരുന്നു. മറ്റൊരു സ്റ്റുഡിയോയിലേക്ക് ഷൂട്ടിംഗ് മാറ്റിയതായും സംഘം അറിയിച്ചു.