
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംഘം ചേർന്ന് സുഹൃത്തുക്കളുടെ ഒത്താശയോടെ പീഡിപ്പിച്ച പ്രതിക്ക് തൃശൂർ പോക്സോ കോടതി 14 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. മുളയം സ്വദേശി പ്രശാന്തിനെയാണ് തൃശൂർ പോക്സോ കോടതി സ്പെഷ്യൽ ജഡ്ജ് ബിന്ദു സുധാകറാണ് വിധി പുറപ്പെടുവിച്ചത്.
2015ലാണ് കേസിനാസ്പദമായ സംഭവം. പ്രശാന്ത് സുഹൃത്തുക്കളുമായി ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒന്നാം പ്രതിയായ പ്രശാന്തിന് ഇന്ത്യൻ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരം ഏഴ് വർഷവും 50,000 രൂപ പിഴയടക്കാനും പോക്സോ നിയമം മൂന്ന്, നാല് വകുപ്പുകൾ പ്രകാരം ഏഴ് വർഷവും 50,000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. പി അജയ് കുമാർ ഹാജരായി. ഒല്ലൂർ സി.ഐ ആയിരുന്ന ഉമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. തൃശൂരിൽ സ്പെഷ്യൽ ഫാസ്റ്റ് ട്രാക് പോക്സോ കോടതി നിലവിൽ വന്ന് ആദ്യത്തെ ശിക്ഷാ വിധിയാണ് ഇത്.