
തൃശൂർ: തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും അസഭ്യം വിളിച്ചതായും ജോലി തടസപ്പെടുത്തിയതായും കോർപറേഷൻ കോൺഗ്രസ് കൗൺസിലറായ മഹിളാ കോൺഗ്രസ് നേതാവിനെതിരെ പരാതി. കോർപറേഷൻ കാര്യാട്ടുകര ഡിവിഷൻ കൗൺസിലർ ലാലി ജെയിംസിനെതിരെയാണ് പരാതി.
മാനസികാരോഗ്യകേന്ദ്രത്തിലെ ഡോ. കെ.എസ് ശാഗിനയെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്താൻ ശ്രമിച്ചതായും വെസ്റ്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിലെ ഒ.പി വിഭാഗത്തിലെത്തിയ ലാലി ജെയിംസ് , കൊവിഡ് മാനദണ്ഡങ്ങൾക്ക് വിപരീതമായി പ്രവർത്തിച്ചപ്പോൾ ശരിയായ രീതിയിൽ മാസ്ക് ധരിക്കാൻ നിർദ്ദേശിച്ചതായിരുന്നു കൗൺസിലറെ ചൊടിപ്പിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശാഗിനെ അസഭ്യം വിളിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്തെന്ന് പറയുന്നു.
ആശുപത്രി സൂപ്രണ്ട്, നഴ്സിംഗ് ജീവനക്കാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ എന്നിവർക്കെതിരെയും കൗൺസിലർ അസഭ്യം വിളിച്ചതായി പറയുന്നു. ഈ സമയത്ത് വിവിധ ജില്ലകളിൽ നിന്നും സേവനത്തിനായി വന്ന മനോരോഗികൾക്കും കൂടെ വന്നവർക്കും അസൗകര്യം സൃഷ്ടിച്ചു. കൗൺസിലറുടെ അതിക്രമങ്ങൾക്കെതിരെ ആശുപത്രി സരംക്ഷണ നിയമം 2012 പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർ പൊലീസിന് പരാതി നൽകിയിരിക്കുന്നത്.
മഹാമാരിയുടെ ഈ കാലഘട്ടത്തിലും ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ അപലപനീയമാണെന്നും ഡോക്ടർക്ക് തുടർ നിയമനടപടികളുമായി മുന്നോട്ടു പോകാൻ വേണ്ട എല്ലാ പിന്തുണയും നൽകുമെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. അസീനയും ഡോ. വേണുഗോപാലും അറിയിച്ചു.