
കാട്ടൂർ: കാട്ടൂർ കടവിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രധാന പ്രതിയടക്കം രണ്ടുപേർ പൊലീസ് പിടിയിലായി. കരാഞ്ചിറ നന്തിലത്ത് പറമ്പിൽ ദർശൻകുമാർ (34), ചേർപ്പ് പള്ളിയത്ത് രാകേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. പി.ആർ രാജേഷിന്റെ നേതൃത്വത്തിൽ കാട്ടൂർ ഇൻസ്പക്ടർ അനീഷ് കുമാർ, എസ്.ഐ രാജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘം കോയമ്പത്തൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിലുള്ള കാട്ടൂർകടവ് നന്ദനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് (43) കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ വീടിന് മുന്നിൽ വെച്ച് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. നേരത്തെ ഹരീഷുമായി ഉണ്ടായിരുന്ന വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പത്തരയോടെ ഹരീഷിനെ തേടിയെത്തിയ സംഘം പന്നിപടക്കം എറിഞ്ഞ ശേഷം ഭയന്ന് ഓടിയ ലക്ഷ്മിയെ വെട്ടി വീഴ്ത്തുകയായിരുന്നു. ഈ സമയം ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. വെട്ടേറ്റ് ഏറെ നേരം ലക്ഷ്മി റോഡിൽ കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.