sp

തിരുവനന്തപുരം: മാദ്ധ്യമങ്ങളിൽ തനിക്കെതിരെ 'മൊഴി' എന്ന പേരിൽ വന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ശുദ്ധ അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

രാഷ്ട്രീയ താത്പര്യം വച്ചുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിടുന്നത്. വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ തനിക്ക് നിക്ഷേപമുണ്ടെന്ന മൊഴി തീർത്തും അടിസ്ഥാനരഹിതമാണ്. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോദ്ധ്യപ്പെടാവുന്നതാണെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് ഇങ്ങനെ: ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയമുണ്ടെന്നത് വസ്തുതയാണ്. പ്രവാസികളായ ഇത്തരം പലരേയും കണാറുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരിൽ അവിടെയെല്ലാം നിക്ഷേപമുണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അബദ്ധജടിലമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒ​റ്റയ്ക്ക് ഒരിക്കലും കണ്ടിട്ടില്ല. കേരള സന്ദർശന വേളയിൽ ഔദ്യോഗികമായ അത്താഴവിരുന്നിൽ പങ്കെടുത്തതൊഴിച്ചാൽ മ​റ്റൊന്നും ഉണ്ടായിട്ടില്ല.

മാസങ്ങളായി അന്വേഷണ ഏജൻസികളുടെ കസ്​റ്റഡിയിലായിരുന്ന പ്രതിയായ ഒരാൾ ഇതിനകം എട്ടോളം മൊഴികൾ നൽകിയതായാണ് അറിയുന്നത്. ഇപ്പോൾ പുതിയ കെട്ടുകഥകളുണ്ടാവുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന കാര്യവും അന്വേഷണ വിധേയമാക്കണം. സത്യസന്ധവും നിയമപരവുമായ ഏതന്വേഷണം നേരിടാനും തയ്യാറാണ്. തിരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകൾ ചമച്ച് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ അംഗീകരിക്കാനാവില്ല.