
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം ഫലപ്രദമെന്ന് സീറോ പ്രിവലൻസ് സർവേ റിപ്പോർട്ട്.
ഫെബ്രുവരിയിൽ പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ ഉൾപ്പെടെ ആകെ 20,939 പേരിൽ നടത്തിയ പഠനത്തിൽ 10.76 ശതമാനം പേർക്ക് മാത്രമാണ് അറിയാതെ രോഗം വന്നുപോയതെന്ന് കണ്ടെത്തി. മുതിർന്ന പൗരൻമാരുടെയിടയിലെ സീറോ പ്രിവിലൻസ് 8 ശതമാനം മാത്രമാണ്. ആരോഗ്യ പ്രവർത്തകർക്കിടയിൽ 10.5 ശതമാനവും കൊവിഡ് മുൻനിര പ്രവർത്തകർക്കിടയിലുള്ള സീറോ പ്രിവലൻസ് 12 ശതമാനവുമാണ്. ദേശീയ തലത്തിൽ 30 രോഗബാധിതരിൽ ഒരാളെ മാത്രം കണ്ടെത്തി റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിൽ രോഗാണുബാധയുള്ള 4 പേരിൽ നിന്നും ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2020 മേയിലാണ് ഐ.സി.എം.ആർ കേരളത്തിൽ ആദ്യമായി സീറോ പ്രിവലൻസ് സർവേ നടത്തിയത്. മൂന്നു ജില്ലകളിലായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സീറോ പ്രിവലൻസ് 0.3 ശതമാനവും ദേശീയതലത്തിലേത് 0.73ഉം ആയിരുന്നു. ആഗസ്റ്റിൽ വീണ്ടും സർവേ നടത്തിയപ്പോൾ കേരളത്തിലേത് 0.8ഉം ദേശീയ തലത്തിൽ 6.6 ശതമാനവുമായി. ഇതേ മൂന്നു ജില്ലകളിൽ ഡിസംബറിൽ വീണ്ടും സർവേ നടത്തിയപ്പോൾ കേരളത്തിലെ സീറോ പ്രിവലൻസ് 11.6 ശതമാനവും ദേശീയ തലത്തിൽ 21മാണെന്ന് കണ്ടെത്തി.
കൊവിഡ് ഇന്നലെ 1985
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1985 പേർകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1751 പേർ സമ്പർക്കരോഗികളാണ്. 122 പേരുടെ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവർത്തർക്കും രോഗംബാധിച്ചു 10 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,425 സാമ്പിളുകളാണ് പരിശോധിച്ചത്. 3.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂർ 252, കോഴിക്കോട് 223, തൃശൂർ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസർകോട് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളിലെ പുതിയ രോഗികൾ. അതേസമയം ചികിത്സയിലായിരുന്ന 2172 പേർ രോഗമുക്തരായി. വിവിധ ജില്ലകളിലായി 1,26,263 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.