
വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഞായറാഴ്ചകളിൽ ബോണക്കാട്ടേക്ക് ബസ് സർവീസുകൾ അയയ്ക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. ഇതോടെ ഞായറാഴ്ചകളിൽ തോട്ടം തൊഴിലാളികൾ പുറത്തേക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ലോക്ക് ഡൗൺകാലത്ത് നിറുത്തിവച്ച സർവീസുകളിൽ മിക്കതും പുനഃരാരംഭിച്ചെങ്കിലും ഞായറാഴ്ചകളിൽ സർവീസ് നടത്താൻ വിതുര ഡിപ്പോ മേധാവികൾ വിമുഖത കാട്ടുന്നതായാണ് പരാതി.
എസ്റ്റേറ്റ് തൊഴിലാളികൾ അനവധി തവണ കെ.എസ്.ആർ.ടി.സി മേധാവികൾക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.
ബസ് സർവീസ് വെട്ടികുറച്ചതും ഞായറാഴ്ചകളിൽ സർവീസ് ഇല്ലാത്തതും എസ്റ്റേറ്റ് നിവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ബോണക്കാടിന് പുറമേ മറ്റ് മേഖലകളിലേക്കും ഞായറാഴ്ച വേണ്ടത്ര സർവീസുകൾ അയക്കുന്നില്ലെന്ന് പരാതിയുണ്ട്. ഞായറാഴ്ചകളിൽ കലക്ഷൻ കുറവെന്ന മുടന്തൻ ന്യായമാണ് അധികൃതർ നിരത്തുന്നത്. ബസ് സർവീസുകളുടെ എണ്ണം വെട്ടികുറക്കുന്നതുമൂലം ഞായറാഴ്ചകളിൽ യാത്രക്കാർ ബസ് കാത്ത് പെരുവഴിയിൽ മണിക്കൂറുകളോളം നിന്ന് നട്ടം തിരിയുന്ന അവസ്ഥയാണ്.
പ്രവ്യത്തി ദിനങ്ങളിൽ
തിങ്കൽ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ മൂന്ന് ബസുകൾ ബോണക്കാട്ടേക്ക് സർവീസ് നടത്തുന്നുണ്ട്.
നേരത്തേ 10 ഓളം സർവീസുകൾ
നേരത്തെ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്നും ബോണക്കാട്ടേക്ക് പത്തോളം സർവീസുകളുണ്ടായിരുന്നു. കലക്ഷൻ കുറവെന്ന പേരിൽ ഇടക്കാലത്ത് നിറുത്തലാക്കുകയായിരുന്നു. ഇപ്പോൾ കൊവിഡ് മറവിൽ വീണ്ടും സർവീസുകളുടെ എണ്ണം വെട്ടിക്കുറച്ചു.
വഴിയടഞ്ഞ്
ബോണക്കാട് എസ്റ്റേറ്റ് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികളിൽ ഭൂരിഭാഗവും ഉപജീവനമാർഗത്തിനായി വിതുര, തൊളിക്കോട്, പാലോട്, നെടുമങ്ങാട്, തിരുവനന്തപുരം ഭാഗങ്ങളിലാണ് ജോലിക്ക് പോകുന്നത്.
ബോണക്കാട് ഭാഗത്തേക്ക് മുൻപ് സർവീസ് നടത്തിയിരുന്ന മുഴുവൻ ബസുകളും പുനഃരാരംഭിക്കുക, ഞായറാഴ്ചകളിൽ വിതുര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നും സർവീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിതുര ഡിപ്പോ പടിക്കൽ സമരം നടത്താനുള്ള തീരുമാനത്തിലാണ് ബോണക്കാട് നിവാസികൾ.
ഞായറാഴ്ചകളിൽ ബോണക്കോട്ടേക്ക് വിതുര ഡിപ്പോയിൽ നിന്ന് ബസ് സർവീസ് നടത്താൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണം
എസ്.എൻ. അനിൽകുമാർ
സി.പി..എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി