kk

തിരുവനന്തപുരം: ജീവനക്കാർക്ക് വർദ്ധിപ്പിച്ച ഡി.എയുടെയും പെൻഷൻകാർക്കുള്ള ക്ഷേമാശ്വാസത്തിന്റെയും കുടിശിക താഴെ പറയുന്ന വിഭാഗങ്ങൾക്ക് ജൂലായ് ഒന്ന് മുതൽ പണമായി നൽകും. 2019 ജനുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള കുടിശികയാണ് നൽകുക.

2019 ജനുവരി ഒന്നിനും 2021 ഫെബ്രുവരി 28നും ഇടയിൽ വിരമിച്ചവർ, 2019 ജനുവരി ഒന്നിനും 2021 ഫെബ്രുവരി 28നും ഇടയിൽ പി.എഫ് അക്കൗണ്ട് അവസാനിപ്പിക്കുകയും സർവീസിൽ തുടരുകയും ചെയ്യുന്നവർ, പി.എഫ് അക്കൗണ്ട് നിർബന്ധമല്ലാത്തവർ, 2019 ജനുവരി ഒന്നിനും 2021 ഫെബ്രുവരി 28നും ഇടയിൽ മരിച്ചവരുടെ ആശ്രിതർ എന്നിവർക്കാണ് ജൂലായ് മുതൽ കുടിശിക പണമായി നൽകുക. പുതുതായി ജോലിക്ക് കയറിയതിനാൽ പി.എഫ് അക്കൗണ്ട് ഇതുവരെ തുടങ്ങാത്തവർക്ക് പി.എഫ് അക്കൗണ്ട് തുറക്കുന്ന മുറയ്ക്ക് കുടിശിക അതിലേക്ക് നൽകും.

യു.ജി.സി, എ.ഐ.സി.ടി.ഇ , എം.ഇ.എസ് സ്കീമുകൾ അനുസരിച്ചുള്ള പെൻഷൻ പരിഷ്കരണ മാനദണ്ഡങ്ങൾ ധനവകുപ്പ് തയ്യാറാക്കി. ആർ‌ട്സ് ആൻഡ് സയൻസ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്കും ഇത് ബാധകമാണ്.