
തിരുവനന്തപുരം:ആറ്റിങ്ങൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റിൽ സിറ്റിംഗ് എം.എൽ.എയായ സത്യൻ ഇക്കുറി മത്സര രംഗത്തില്ലാത്തതിനാൽ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ്, എൻ.ഡി.എ ക്യാമ്പുകളുടെ പ്രതീക്ഷ. എന്നാൽ, ഇടതുകോട്ടയാണ് ആറ്റിങ്ങലെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. 2011 മുതൽ സി.പി.എമ്മിലെ ബി.സത്യനാണ് എം.എൽ.എ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 3,80,995 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് ലഭിച്ചു. 3,42,748വോട്ടുകളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സമ്പത്തിന് ലഭിച്ചത്. ഇതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്.എന്നാൽ, 2011ൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് 4844 വോട്ടുകൾ മാത്രം ലഭിച്ച മണ്ഡലത്തിൽ 2016 ആയപ്പോഴേക്കും 27602 ആയി ഉയർന്നു.പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രനും വൻമുന്നേറ്റം നടത്തി. ഈ സാഹചര്യങ്ങൾ വിജയത്തിലേക്ക് നയിക്കുമെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ.
വിജയവഴിയിലൂടെയെന്ന് അംബിക
സമയം 11.45.ആറ്റിങ്ങൽ കുന്നവാരം ജംഗ്ഷനിലേക്ക് തുറന്ന ജീപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്.അംബിക എത്തി. 20 വർഷമായി നിങ്ങൾക്ക് ഒപ്പമുള്ള സഖാവാണ്.തുടർന്നും നിങ്ങൾക്കൊപ്പമുണ്ടാകുമെന്നും സ്ഥാനാർത്ഥിയുടെ ഉറപ്പ്.പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെ പ്രവർത്തന പരിചയവും വ്യക്തിബന്ധങ്ങളും വോട്ടാക്കി മാറ്റാമെന്നാണ് സ്ഥാനാർത്ഥിയുടെ പ്രതീക്ഷ. ആറ്റിങ്ങലിൽ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങളെല്ലാം ഇടതുപക്ഷ എം.എൽ.എയുടെ കാലത്തുണ്ടായതാണെന്നും ജനം അതിന് വോട്ട് ചെയ്യുമെന്നുമാണ് പ്രവർത്തകരുടെ ആത്മവിശ്വാസം. അടുക്കളയിൽ അന്നം നിറയാനും പെൻഷൻ മുടങ്ങാതെ കിട്ടാനും പിണറായി സർക്കാരിന് തുടർഭരണം വേണമെന്ന മുദ്രാവാക്യമാണ് ആറ്റിങ്ങലിലും എൽ.ഡി.എഫിന്റെ തുറുപ്പുചീട്ട്.
'ആറ്റിങ്ങലിൽ എൽ.ഡി.എഫിന്റെ വിജയം ഉറപ്പാണ്.സാധാരണക്കാരിൽ സാധാരണക്കാർ താമസിക്കുന്ന നാടാണിത്.അവർക്കൊപ്പം നിന്ന ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ഈ നാട്ടുകാരും ആഗ്രഹിക്കുന്നു.
-ഒ.എസ്.അംബിക
ഇക്കുറി കൂടെപോരുമെന്ന് ശ്രീധരൻ
ആറ്റിങ്ങൽ ഇത്തവണ ഒപ്പംചേരുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എ.ശ്രീധരന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ താമസിക്കുന്ന ഏക സ്ഥാനാർത്ഥി താൻ മാത്രമാണെന്നതാണ് അതിന് പ്രധാന കാരണം.രാവിലെ തുടങ്ങുന്ന പ്രചാരണത്തിനിടെ ഇലക്ഷൻ ഒബ്സർവറുടെ യോഗത്തിൽ പങ്കെടുത്ത ശേഷം 12മണിയോടെ ടൗൺ ഹാളിന് സമീപത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലിരുന്ന് പ്രതീക്ഷകൾ പങ്കുവച്ചു. അദ്ധ്യാപകനായുള്ള കഴിഞ്ഞ 30 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ മണ്ഡലത്തിലുള്ള ശിഷ്യ സമ്പത്തും വിജയത്തിലേക്ക് നയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. വികസനം എന്തെന്ന് അറിയാത്ത കോളനികളിൽ ദുരിതജീവിതം നയിക്കുന്നവരിലൂടെ മുന്നേറ്റമാണ് ലക്ഷ്യം. തൊഴിലില്ലായ്മയും പ്രധാനപ്രശ്നമായി ഉയർത്തിക്കാട്ടുന്നുണ്ട് യു.ഡി.എഫ്.നൈപുണ്യവികസനത്തിന് സ്‌കിൽ പാർക്ക്,പൂട്ടിക്കിടക്കുന്ന സ്റ്റീൽ ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കും തുടങ്ങിയ വാദ്ഗാനങ്ങൾ നൽകിയാണ് യു.ഡി.എഫ് പ്രചാരണം പുരോഗമിക്കുന്നത്.
'വികസനം വാക്കിലൊതുങ്ങിയ മണ്ഡലമാണ് ആറ്റിങ്ങൽ. കോളനിയിലുള്ളവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒറ്റക്കെട്ടായി യു.ഡി.എഫ് മുന്നേറുകയാണ്.'
-അഡ്വ.എ.ശ്രീധരൻ
വളക്കൂറുള്ള മണ്ണ് നേട്ടമെന്ന് സുധീർ
പട്ടികജാതി കോളനികൾ കൂടുതലുള്ള മണ്ഡലത്തിൽ എൻ.ഡി.എ,ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും പട്ടികജാതി മോർച്ച നേതാവുമായ പി.സുധീറിനെ കളത്തിലിറക്കിയത് വൻകുതിപ്പ് ലക്ഷ്യമിട്ടാണ്.തിരക്കിനിടെ ഉച്ചഭക്ഷണം കഴിഞ്ഞ് അടുത്ത പ്രചാരണ സ്ഥലത്തേക്ക് പോകുന്നതിനിടെ സുധീർ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ചു.കോളനികളിലാണ് എൻ.ഡി.എയുടെയും പ്രധാന ശ്രദ്ധ.കോളനിയിലെ ഒരു വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാണ് സ്ഥാനാർത്ഥിയുടെ ദിവസേനയുള്ള പ്രചാരണം ആരംഭിക്കുന്നത്. പടിപടിയായി മണ്ഡലത്തിൽ ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനത്തിൽ വൻ വർദ്ധനയാണ് ഉണ്ടാകുന്നത്.വിശ്വാസി സമൂഹം കൂടുതലുള്ള മണ്ഡത്തിൽ ശബരിമലയുൾപ്പെടെ നിർണായക ചർച്ചാവിഷയമാകുമെന്ന വിലയിരുത്തലും ബി.ജെ.പിക്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികൾക്ക് വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായപ്പോൾ ബി.ജെ.പിക്കുണ്ടായ 15ശതമാനത്തിന്റെ വർദ്ധന വിജയത്തിന് ശക്തമായ അടിത്തറയാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്ന് ശോഭാസുരേന്ദ്രന് 43000വോട്ടിൽ കൂടുതൽ ലഭിച്ചതും എൻ.ഡി.എയ്ക്ക് പ്രതീക്ഷ നൽകുകയാണ്.
'താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ആർജ്ജവം കാട്ടിയ വലിയൊരു വിഭാഗം ജനത മണ്ഡലത്തിലുണ്ട്.കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകൾ വിലയിരുത്തിയാൽ അത് മനസിലാകും.അവരുടെ എണ്ണം വർദ്ധിക്കും.വിജയമാണ് എൻ.ഡി.എയ്ക്ക് മുന്നിലുള്ളത്.'
-പി.സുധീർ