
തിരഞ്ഞെടുപ്പ് കമ്മിഷന് തലവേദന
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ തന്നെ കളങ്കപ്പെടുത്തും വിധം വോട്ടർ പട്ടികയിൽ വൻതോതിൽ കടന്നുകൂടിയ ഇരട്ടവോട്ടുകൾ നീക്കം ചെയ്യാൻ നിയമക്കുരുക്കുകൾ തിരഞ്ഞെടുപ്പു കമ്മിഷന് പുതിയ തലവേദനയാവുന്നു. സംസ്ഥാനത്ത് നാലു ലക്ഷത്തോളം ഇരട്ടവോട്ടുണ്ടെന്നും ഇത് വ്യാപകമായി കള്ളവോട്ടിന് വഴിവയ്‌ക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കാനാവില്ലെന്നതാണ് ഇലക്‌ഷൻ കമ്മിഷനെ കുഴയ്‌ക്കുന്നത്. ഇതിന് നിയമത്തിന്റെ വിലക്കുണ്ട്. ഒരേ പേര് കൂടുതൽ തവണ കടന്നു കൂടിയാലും വ്യാജതിരിച്ചറിയൽ കാർഡ് നൽകിയാലും തടയാൻ തൽക്കാലം നിയമപരമായ മാർഗങ്ങളില്ല. വ്യാജമാണെങ്കിലും അല്ലെങ്കിലും വോട്ടർപട്ടികയിൽ പേരും തിരിച്ചറിൽ കാർഡുമുണ്ടെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കണമെന്നാണ് നിയമം. ഇത് തടയാൻ വോട്ടർ തന്നെ വിചാരിക്കണം. സാങ്കേതിക തികവോടെ വോട്ടർ എത്തിയാൽ അയാൾക്ക് സംരക്ഷണം നൽകി വോട്ട് ചെയ്യാൻ അനുവദിക്കണമെന്നാണ് ജനപ്രാതിനിദ്ധ്യനിയമം അനുശാസിക്കുന്നത്. അത് അനുസരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബാദ്ധ്യസ്ഥവുമാണ്.
ഇരട്ടവോട്ടിന്റെ പട്ടിക ബൂത്ത് ലെവൽ ഒാഫീസർമാർക്ക് നൽകി അവരത് പരിശോധിച്ച്, വോട്ടർ രണ്ടിൽ ഒരിടത്ത് താമസമില്ലെന്ന റിപ്പോർട്ട് നൽകിയാൽ അത് പ്രത്യേക ലിസ്റ്റാക്കി വരണാധികാരിക്ക് നൽകി കള്ളവോട്ട് തടയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. ഇതിന് വോട്ടറുടെ അംഗീകാരം ഇല്ലെന്നതാണ് കമ്മിഷന്റെ തലവേദന. ഇലക്‌ഷൻ ഐ.ഡി കാർഡുമായി വോട്ടർ എത്തിയാൽ തടയാൻ നിയമപരമായി വരണാധികാരിക്കാവില്ല. അതോടെ കള്ളവോട്ട് തടയുമെന്ന കമ്മിഷന്റെ വാദം കടലാസിലൊതുങ്ങും.
ഇരട്ടവോട്ടിന് പിന്നിൽ രാഷ്ട്രീയമോ, സർക്കാർ ഉദ്യോഗസ്ഥരുടെ മനഃപൂർവ്വമായ ഇടപെടലോ ഉണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഉദുമയിൽ ഒന്നിലേറെ തിരിച്ചറിയിൽ കാർഡ് നൽകാൻ ശ്രമിച്ചെന്ന കുറ്റംചുമത്തി ഡെപ്യൂട്ടി തഹസിൽദാറും ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫീസറുമായിരുന്ന എം.പി. അമ്പിളിയെ സസ്പെൻഡ് ചെയ്തത്. ഇവർ നിലവിൽ പുനലൂർ താലൂക്ക് ഒാഫീസിൽ ജൂനിയർ സൂപ്രണ്ടാണ്. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെടുന്നവർക്ക് ഇത് താക്കീതാകുമെങ്കിലും അടിസ്ഥാന പ്രശ്നം അവശേഷിക്കുമെന്നത് തിരഞ്ഞെടുപ്പ് കമ്മിഷനെ കുഴയ്ക്കുന്നു. മാത്രമല്ല കടുത്ത നടപടിയെടുത്താൽ സർക്കാർ ജീവനക്കാർ കമ്മിഷനുമായി നിസഹരിക്കുമെന്ന ആശങ്കയും ഉണ്ട്. ഇരട്ടവോട്ടിന് പിന്നിൽ സംഘടിത നീക്കമില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ഒരേ ഫോട്ടോ ഉപയോഗിച്ച് വിവിധ പേരുകളിൽ തിരിച്ചറിയൽ കാർഡ് നൽകുന്നുവെന്ന പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയിട്ടുണ്ട്.
തപാൽ വോട്ടിലും കരുതൽ
പുതിയ സാഹചര്യത്തിൽ തപാൽവോട്ടിലും കൂടുതൽ കരുതലെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ 8,85,504 പേരാണ് തപാൽ വോട്ടിനുള്ള അപേക്ഷ വാങ്ങിയത്. ഇതിൽ 8,43,800 പേർ അപേക്ഷ പൂരിപ്പിച്ച് നൽകി. ഇതിൽ 4,00,444 പേർക്ക് മാത്രമാണ് തപാൽ വോട്ട് അനുവദിച്ചത്. ബാക്കിയുള്ളവരുടെ അപേക്ഷ നിരസിച്ചു.