ചാലക്കുടി: രണ്ടു കിലോ കഞ്ചാവുമായി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ചാലക്കുടിയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചിയ്യാരം മാങ്കൂട്ടത്തിൽ വീട്ടിൽ സമീൽ(34) ആണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടു കിലോ ഇരുനൂറുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
തമിഴ്‌നാട്ടിൽ നിന്നാണ് ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവന്നതെന്ന് സമീൽ പൊലീസിനോട് പറഞ്ഞു. പതിനയ്യായിരം രൂപയ്ക്കാണ് തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് ശേഖരിക്കുന്നത്. നാട്ടിലെത്തിച്ച് 30,000 രൂപയ്ക്ക് ചില്ലറ വിൽപ്പനക്കാർക്കും നൽകുകയാണ് രീതി. നേരത്തെ തൃശൂർ, പാലക്കാട് ജില്ലകളിലായി സമീലിന്റെ പേരിൽ അഞ്ച് കേസുകൾ നിലവിലുണ്ട്. ഇപ്പോൾ കൊടകരയിൽ താമസിക്കുന്ന യുവാവ് കെ.എസ്.ആർ.ടി.സി ബസിൽ അങ്കമാലിയിലേക്ക് കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം എസ്.എച്ച്.ഒ: സൈജു കെ. പോളിന്റെ നേതൃത്വത്തിൽ സൗത്ത് ജംഗ്ഷനിൽ വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു. അങ്കമാലിയിലേക്കുള്ള ബസിൽ എത്തിയ സമീൽ പൊലീസ് സംഘത്തെ കണ്ട് ബസിൽ നിന്നും ഇറങ്ങി ഊടുവഴിയിലൂടെ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നിമിഷങ്ങൾക്കം ഇയാളെ വളഞ്ഞ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. മണം അറിയാതിരിക്കുന്നതിനായി കഞ്ചാവ് പൊതിയുടെ മുകളിൽ സുഗന്ധ ദ്രവ്യം പൂശിയാണ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ: എം.എസ്. സാജൻ, ജൂനിയർ എസ്.ഐ: ഐ.എൻ. ബാബു, എസ്.എസ്.ഐമാരായ മൂസ, സതീശൻ മടപ്പാട്ടിൽ, ജിനുമോൻ തച്ചിലേത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.