
തിരുവനന്തപുരം:തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല തിരഞ്ഞെടുപ്പിലെ അപരന്മാർ. എതിരാളിയെ എങ്ങനെയും തോൽപ്പിക്കാൻ ഇറക്കുന്ന നാണം കെട്ട ആയുധം. ചില അപരന്മാർ തമാശയ്ക്കും മത്സരിക്കും. വിയർപ്പൊഴുക്കി വിജയത്തിന്റെ വക്കിലെത്തുന്ന പല വമ്പന്മാരും അപരനിൽ തട്ടി വീഴാറുണ്ട്. അപരൻ ആരെന്നുപോലും അറിയണമെന്നില്ല. സ്ഥാനാർത്ഥിയുടെ പേരോ സാമ്യമുള്ള പേരോ ആവും അപരന്റേത്. അതു മതി പാരയാവാൻ.
അപരക്കെണിയുടെ ഏറ്റവും വലിയ ഇരയാണ് കോൺഗ്രസിന്റെ സമുന്നത നേതാവ് വി.എം.സുധീരൻ. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ സുധീരൻ ഉറപ്പിച്ച വിജയമാണ് അപരൻ വി. എസ് .സുധീരൻ തട്ടിത്തെറിപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി പുതുമുഖമായ ഡോ.കെ.എസ്. മനോജായിരുന്നു. ഫലം വന്നപ്പോൾ വി.എം.സുധീരനും അപരൻ സുധീരനും ഞെട്ടി. 1009 വോട്ടിന് വി.എം.സുധീരൻ തോറ്റു. അപരൻ സുധീരൻ പിടിച്ചത് 8282 വോട്ടും! ആലപ്പുഴ ഒഴികെ ആറ് മണ്ഡലങ്ങളിലും അപരന് 1000ത്തിലേറെ വോട്ട് കിട്ടി. വി.എം.സുധീരന്റെ മാത്രമല്ല, ജനാധിപത്യ വിശ്വാസികളുടെ ആകെ മനം മടുപ്പിച്ച തോൽവിയായിരുന്നു അത്.
2016-ൽ മഞ്ചേശ്വരത്ത് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ വിജയം കപ്പിനും ചുണ്ടിനും ഇടയിൽ തട്ടിപ്പറിച്ചതും അപരനാണ്. വെറും 89 വോട്ടിനാണ് സുരേന്ദ്രൻ തോറ്റത്. കെ.സുന്ദര എന്ന അപരൻ 467 വോട്ടുകളാണ് പിടിച്ചത്.
ബാലറ്റിൽ അപരൻമാരെല്ലാം അവസാനം
ബാലറ്റിൽ ദേശീയ പാർട്ടികളിലെ സ്ഥാനാർത്ഥികളുടെ പേരാണ് ആദ്യം രേഖപ്പെടുത്തുക. ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, സി.പി.ഐ തുടങ്ങിയവയാണ് ദേശീയ പാർട്ടികളുടെ ഗണത്തിൽപ്പെടുന്നത്. ഈ പാർട്ടികളിലെ സ്ഥാനാർത്ഥികളുടെ പേരുകൾ അക്ഷരമാല ക്രമത്തിൽ നൽകും.അതുകഴിഞ്ഞാൽ സംസ്ഥാന പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ പേരുകൾ അക്ഷരമാല ക്രമത്തിൽ രേഖപ്പെടുത്തും. അതിനും പിന്നിലായിരിക്കും സ്വതന്ത്രന്മാരുടെയും അപരന്മാരുടെയും സ്ഥാനം.
തലസ്ഥാനത്തും അപരശല്യം
ഇത്തവണ അഞ്ച് മണ്ഡലങ്ങളിലായി തലസ്ഥാനത്ത് എട്ട് അപരന്മാർ. കോൺഗ്രസിനെതിരെ നാലും എൽ.ഡി.എഫ് , എൻ.ഡി.എ മുന്നണികൾക്കെതിരെ രണ്ട് വീതവും.
തിരുവനന്തപുരം: മൂന്ന് മുന്നണികൾക്കും അപര ശാപം. കോൺഗ്രസിലെ വി.എസ്.ശിവകുമാറിന് ശിവകുമാർ.കെ. എൽ.ഡി.എഫിലെ ആന്റണിരാജുവിന് പാരയായി ആന്റണി രാജുവും രാജു ആന്റണിയും. ബി.ജെ.പിയുടെ കൃഷ്ണകുമാർ.ജിക്ക് അപരൻ കൃഷ്ണകുമാർ.ടി.എസ്.
നേമം : കോൺഗ്രസിന്റെ കെ.മുരളീധരന് പാര സ്വതന്ത്രനായ മുരളീധരൻ നായർ. കുമ്മനം രാജശേഖരന്റെ അപരൻ രാജശേഖരനും.
വാമനപുരം :സി.പി.എമ്മിലെ ഡി.കെ.മുരളിക്ക് വെല്ലുവിളിയായി ആർ.മുരളി.
വർക്കല:കോൺഗ്രസിന്റെ ബി.ആർ.എം. ഷഫീറിന് പാരയായി സ്വതന്ത്രൻ ഷഫീർ.
ചിറയൻകീഴ്: കോൺഗ്രസിലെ ബി.എസ്.അനൂപിന്റെ അപരൻ സ്വതന്ത്രനായ അനൂപ് ഗംഗൻ.
കെ.ടി. ജലീലിന് അപരൻ കെ.ടി. ജലീൽ
മലപ്പുറം: മലപ്പുറത്ത് അപരന്മാർക്ക് ഇത്തവണയും ഒരു കുറവുമില്ല. 16 മണ്ഡലങ്ങളിൽ ഒമ്പതിടത്തും അപരന്മാർ.
മത്സരം കനക്കുന്നയിടങ്ങളിലാണ് അപരശല്യം കൂടുതൽ. 2016ൽ എട്ടിടത്തായിരുന്നു അപരന്മാർ. തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലാണ് ഏറ്റവും കൂടുതൽ അപരന്മാരുള്ള സ്ഥാനാർത്ഥി.നാലുപേരുണ്ട്- ഫിറോസ് കുന്നത്ത്പറമ്പിൽ, ഫിറോസ് നറുക്കുപറമ്പിൽ, ഫിറോസ് നെല്ലാംകുന്നത്ത്, ഫിറോസ് പരുവിങ്ങൽ. എൽ.ഡി.എഫ് സ്വതന്ത്രൻ മന്ത്രി കെ.ടി.ജലീലിന് കെ.ടി.ജലീൽ എന്ന പേരിൽ തന്നെ ഒരു അപരനുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമുള്ള താനൂരിൽ ഇടതു സ്വതന്ത്രൻ വി.അബ്ദുറഹിമാന് മൂന്ന് അപരന്മാരുണ്ട്. എല്ലാവരും വി.അബ്ദുറഹിമാൻ തന്നെ. യു.ഡി.എഫിന്റെ പി.കെ.ഫിറോസിന് രണ്ട് അപരന്മാരും. ഫിറോസ് എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്.
പാലക്കാട്ട് ബലരാമന്മാരും രാജേഷും
തൃത്താലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി.ബൽറാമിന് രണ്ട് അപരന്മാരുണ്ട്. കെ.ബലരാമൻ 'മൈക്ക്" ചിഹ്നത്തിലും ടി.ടി.ബലരാമൻ'പൈനാപ്പിൾ" ചിഹ്നത്തിലും മത്സരിക്കും.
ഇവിടെത്തെ ഇടതുസ്ഥാനാർത്ഥി എം.ബി.രാജേഷിന്റെ അപരൻ രാജേഷിന് കത്രിക ചിഹ്നമാണ് ലഭിച്ചത്. മണ്ണാർക്കാട്ടെ ഇടതു - വലതുസ്ഥാനാർത്ഥികൾക്കും രണ്ടുവീതം അപരന്മാരുണ്ട്.
സിന്ധുമോൾക്കും അപര
പിറവത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. സിന്ധുമോൾ ജേക്കബിനുമുണ്ട് അപര - സിന്ധുമോൾ സി. കോതമംഗലത്ത് യു.ഡി.എഫിലെ ഷിബു തെക്കുംപുറത്തിന് രണ്ട് അപരന്മാരുണ്ട് - ഷിബു തെക്കനും ഷിബുവും. എറണാകുളത്തെ എൽ.ഡി.എഫ് സ്വതന്ത്രൻ ഷാജി ജോർജ് പ്രണതയ്ക്ക് ഷാജി ജോർജ് പ്ളാക്കിലാണ് അപരൻ.
അപരൻ കാപ്പന് തലവേദന
പാലാ: യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പന്റെ അപരനായി ഒരു മാണി സി.കുര്യാക്കോസ് രംഗത്തെത്തിയതോടെ കാപ്പന് തലവേദനയായി. യു.ഡി.എഫ് സ്ഥാനാർത്ഥിയായ മാണി സി.കാപ്പന് ട്രാക്ടർ ഓടിക്കുന്ന കർഷകന്റെ ചിഹ്നം ലഭിച്ചപ്പോൾ സ്വതന്ത്രനായ മാണി സി.കുര്യാക്കോസിന്റെ ചിഹ്നം ട്രക്കാണ്.
ആരാണീ സോമൻ?
ഇടുക്കി: ഇടുക്കിയിൽ ഒരേയൊരു അപരനേയുള്ളൂ. പീരുമേട് നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വാഴൂർ സോമനാണ് അപരനുള്ളത്. കൂടെ വാഴൂരില്ലാത്ത വെറുമൊരു സോമനാണ് പത്രിക നൽകിയിരിക്കുന്നത്. വാഗമൺ സ്വദേശിയായ ഇദ്ദേഹത്തെക്കുറിച്ച് അധികമാർക്കുമറിയില്ല. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ ബിജിമോൾ മണ്ഡലത്തിൽ നിന്ന് വെറും 314 വോട്ടുകൾക്കായിരുന്നു വിജയിച്ചത്. അതിനാൽ അപരൻ പിടിക്കുന്ന വോട്ട് നിർണായകമാകും.
കുന്നംകുളത്ത് ഡ്യൂപ്പോട് ഡ്യൂപ്പ്
തൃശൂർ: കുന്നംകുളത്തും ഇരിങ്ങാലക്കുടയിലും സ്ഥാനാർത്ഥികൾക്ക് അപരശല്യം രൂക്ഷം.മന്ത്രി എ.സി.മൊയ്തീൻ മത്സരിക്കുന്ന കുന്നംകുളത്ത് കെ.എം. മൊയ്തീൻ, എ.കെ.മൊയ്തീൻ കുട്ടി എന്നിവരാണ് അപരന്മാർ. ഇതിൽ കെ.എം. മൊയ്തീന് കുടവും മൊയ്തീൻകുട്ടിക്ക് പ്രഷർകുക്കറുമാണ് ചിഹ്നം.
എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയിൽ ഫുട്ബാൾ ചിഹ്നത്തിൽ എം. ബിന്ദുവും ബാറ്റ്സ്മാൻ ചിഹ്നത്തിൽ വി. ബിന്ദുവും മത്സരിക്കുന്നു.
വടകരയിൽ രമമാർ നാല്
കോഴിക്കോട്: എലത്തൂർ ഒഴികെ മറ്റു പന്ത്രണ്ട് മണ്ഡലങ്ങളിലുമുണ്ട് അപരന്മാരുടെ പട. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രമയ്ക്ക് കെ.കെ.രമ എന്ന പേരിൽ തന്നെ ഒരു അപരയുണ്ട്. പിന്നെയുമുണ്ട് രണ്ട് രമമാർ. എൽ.ഡി.എഫിലെ മനയത്ത് ചന്ദ്രനെതിരെ മറ്റൊരു ചന്ദ്രനുണ്ട്. ബാലുശേരിയിൽ ധർമ്മജനെതിരെ ധർമ്മേന്ദ്രനുണ്ട്.കൊടുവള്ളിയിൽ എം.കെ. മുനീറിന് നേരിടേണ്ടത് രണ്ട് അപരന്മാരെ. എം.കെ. മുനീർ എന്ന പേരിൽ തന്നെ ഒരു സ്ഥാനാർത്ഥിയുണ്ട്. എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ കാരാട്ട് റസാഖിന് വെല്ലുവിളിയായി അബ്ദുൾ റസാഖ്, കെ.അബ്ദുൾ റസാഖ് എന്നിവരുണ്ട്.
കോഴിക്കോട് നോർത്തിൽ എൽ.ഡി.എഫിലെ തോട്ടത്തിൽ രവീന്ദ്രന് വെല്ലുവിളിയായി ഉരണ്ടിയിൽ രവീന്ദ്രനുണ്ട്. യു.ഡി.എഫിന്റെ കെ.എം. അഭിജിത്തിന് ഭീഷണി എൻ. അഭിജിത്തും. ബി.ജെ.പിയുടെ എം.ടി. രമേശിനെ കുഴപ്പിക്കാനുമുണ്ട് ഒരു വി.പി. രമേഷ്.
ബേപ്പൂരിൽ എൽ.ഡി.എഫിലെ പി.എ. മുഹമ്മദ് റിയാസിന്റെ വോട്ട് ചോർത്താൻ പി.പി. മുഹമ്മദ് റിയാസുണ്ട്.