kerala

ഷൊർണൂർ: സംസ്ഥാനത്ത് ഇക്കുറി ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് തൃത്താല. സി.പി.എമ്മിന്റെ കണ്ണിലെ കരടായ വി.ടി. ബൽറാം എം.എൽ.എയെ വീണ്ടും നിയമസഭ കാണിക്കില്ലെന്ന വാശിയിലാണ് എൽ.ഡി.എഫ് പ്രവർത്തകർ. സി.പി.എം പ്രാദേശിക ഘടകങ്ങളുടെ ആവശ്യപ്രകാരമാണ് സംസ്ഥാന സമിതി അംഗം എം.ബി. രാജേഷിനെ അവിടെ സ്ഥാനാർത്ഥിയാക്കിയതും. കോൺഗ്രസിലെയും സി.പി.എമ്മിലെയും തലമുറ മാറ്റത്തിന്റെ പ്രതീകങ്ങളായി വിലയിരുത്തപ്പെടുന്ന ഇരുവരും പറയിപെറ്റ പന്തിരുകുലത്തിന്റെ നാട്ടിൽ കൊമ്പു കോർക്കുമ്പോൾ അക്ഷരാർത്ഥത്തിൽ പോരാട്ടം പൊടിപാറും. ശബരിമല വിവാദത്തിലൂടെ സംഘ്പരിവാറിന്റെ നാവായി മാറിയ അഡ്വ. ശങ്കു ടി. ദാസാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി.

ബലറാമിന് ബലമായി വ്യക്തിബന്ധങ്ങൾ

തുടർച്ചയായി മൂന്നാം അങ്കത്തിനിറങ്ങുന്ന വി.ടി. ബൽറാം രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലുടനീളം വ്യക്തിബന്ധങ്ങളുള്ള പൊതുപ്രവർത്തകനാണ്. 2011ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ തൃത്താലയിൽ അട്ടിമറി വിജയം നേടിയതിനു ശേഷം അദ്ദേഹത്തിന്റെ ഗ്രാഫ് ഉയരുന്നതാണ് കണ്ടത്. 2016 ൽ പതിനായിരത്തിലധികം വോട്ടിനായിരുന്നു വിജയം. ഈ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യു.ഡി.എഫിന്റെ തുറുപ്പ് ചീട്ട് ബൽറാമിന്റെ പ്രതിഛായ തന്നെ.

ശബരിമല വിഷയത്തിൽ എം.ബിക്കും വി.ടിക്കും ഒരേ വാദം

സ്ഥാനാർത്ഥിയുടെ മികവ് ചർച്ചയാക്കിക്കൊണ്ട് തന്നെയാണ് ഇത്തവണ ഇടതുമുന്നണിയും കളത്തിലിറങ്ങിയിരിക്കുന്നത്. പത്തു കൊല്ലം പാലക്കാടിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച രാജേഷ് തൃത്താലയിൽ എൽ.ഡി.എഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് എന്ന് എതിരാളികൾ പോലും സമ്മതിക്കും. ശബരിമല വിഷയത്തിൽ കോടതിവിധി നടപ്പിലാക്കണമെന്ന് ശക്തമായി വാദിച്ച രണ്ട് യുവനേതാക്കളെ എതിരിടാൻ ആ വിഷയം ഉയർത്താനാവുന്ന ഒരു സ്ഥാനാർത്ഥിയെ ബി.ജെ.പി രംഗത്തിറക്കിയത് യാദൃഛികമാവാനിടയില്ല. മണ്ഡലത്തിലെ പന്നിയൂർ സ്വദേശിയായ ശങ്കു ടി. ദാസ് ശബരിമല വിഷയത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു.


ആദ്യഘട്ടത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

ചുവരെഴുത്തിൽ ആരംഭിച്ച് സോഷ്യൽ മീഡിയയിലെ മാസ് എൻട്രിയിൽ വരെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെന്ന് പറയേണ്ടിവരും. ജനസമ്പർക്ക പരിപാടികളും തിരഞ്ഞെടുപ്പ് കണവെൻഷനുകളും കുടുംബയോഗങ്ങളും പൂർത്തിയാക്കിയ ഇടതുമുന്നണി കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയെയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെയും മണ്ഡലത്തിലെത്തിച്ച് പ്രചാരണം കൊഴുപ്പിച്ചുകഴിഞ്ഞു.

സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും മറുപടി പറയുന്നതോടൊപ്പം ജനങ്ങളെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. നിയമസഭ കഴിഞ്ഞെത്തിയാൽ മുഴുവൻ സമയം മണ്ഡലത്തിലുണ്ടാകാറുള്ള ബൽറാമിന് വോട്ടർമാരുമായുള്ള പരിചയം പുതുക്കിയാൽ മതിയെന്നാണ് യു.ഡി.എഫ് ക്യാമ്പ് പറയുന്നത്. ഇതുകൂടാതെ ഇന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ തൃത്താലയുടെ മണ്ണിലെത്തും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൃത്താലയിൽ നടക്കുന്നത്.

നിർണായക ശക്തിയാകാൻ എൻ.ഡി.എ

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 21,000 ലേറെയും തദ്ദേശ തിരഞ്ഞെടുപ്പിൽ 19,000 ലേറെയും വോട്ടുകൾ എൻ.ഡി.എ നേടിയിരുന്നു. ഇതുകാര്യമായി വർദ്ധിക്കുമെന്നതിൽ സ്ഥാനാർത്ഥി ശങ്കു ടി.ദാസിന് സംശയമില്ല. ശബരിമല വിഷയം കത്തിനിന്ന കാലത്ത് ഭക്തർക്കൊപ്പം നിലകൊണ്ട വ്യക്തിത്വമായാണ് സ്ഥാനാർത്ഥിയെ എൻ.ഡി.എ ക്യാമ്പ് ഉയർത്തിക്കാട്ടുന്നത്. വിഘടിച്ചു പോകുന്ന ഭൂരിപക്ഷ വോട്ട് ഏകീകരിക്കാനായാൽ എൻ.ഡി.എ നിർണായക ശക്തിയായി മാറും.