
തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ തലശേരിയിൽ നിന്നും ഫുട്ബാൾ ചിഹ്നത്തിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.ഒ.ടി. നസീറിന്റെ നീക്കങ്ങൾ വീണ്ടും ശ്രദ്ധേയമാകുന്നു. ബി.ജെ.പി. സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയ സാഹചര്യത്തിൽ ബി.ജെ.പിയുടെ വോട്ടുകളും പിന്തുണയും നസീറിന്റെ ചിഹ്നത്തിൽ വീഴുമോ എന്നുള്ള സമസ്യയുടെ ഉത്തരം തേടുകയാണിപ്പോൾ രാഷ്ട്രിയ നിരീക്ഷകർ. എന്നാൽ ബി.ജെ.പി. സഹായം വാഗ്ദാനം ചെയ്‌തെന്നത് അഭ്യൂഹം മാത്രമാണെന്ന് സി.ഒ.ടി.നസീർ പ്രതികരിച്ചു. പിന്തുണ അറിയിച്ച് ഇതുവരെ നേതാക്കൾ ആരും തന്നെ സമീപിച്ചിട്ടില്ല. എന്നാൽ ഒട്ടേറെ ബി.ജെ.പി. പ്രവർത്തകർ വോട്ട് തരുമെന്ന് ഫോണിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. അക്രമ രാഷ്ട്രീയത്തിനെതിരെ തന്നെ പിന്തുണക്കുന്ന ആരുടെ വോട്ടും സ്വീകരിക്കുമെന്നും നസീർ തലശ്ശേരിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ നസീർ പ്രതിയോഗിയായി കുറ്റപ്പെടുത്തുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എൻ. ഷംസീറുമായി ചൊവ്വാഴ്ച രാവിലെ മുഖാമുഖം കണ്ടതായി നസീർ തന്നെ വെളിപ്പെടുത്തി. താൻ ആക്രമിക്കപ്പെട്ട കായ്യത്ത് റോഡിലെ അതേ സ്ഥലത്തായിരുന്നു പരസ്പരം കണ്ടത്. നേരിൽ കണ്ടതോടെ ഷംസീറിനോട് വോട്ടഭ്യർത്ഥിച്ചതായും നസീർ പറഞ്ഞു. ജനാധിപത്യ മര്യാദ പാലിച്ച് അഭിവാദ്യം ചെയ്താണ് ഇരുവഴിയിലേക്ക് പിരിഞ്ഞു പോയതെന്നും ഷംസീറിന്റെ പഴയ സഹപ്രവർത്തകൻ കൂട്ടിച്ചേർത്തു.