
ചങ്ങനാശേരി: ഒരുകാലത്ത് സ്ഥാനാർത്ഥികൾക്ക് ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള തിരക്കായിരുന്നെങ്കിൽ ഇന്ന് സെൽഫിയാണ് താരം. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ പ്രചരണവും വോട്ട് അഭ്യർത്ഥനയും ശക്തമാകുകയാണ്. പരമ്പരാഗത പ്രചാരണ മാർഗങ്ങളൊന്നും യുവവോട്ടർമാരുടെ ഇടയിൽ ഏൽക്കില്ല. യുവ വോട്ടർമാരോട് സംവദിക്കുമ്പോൾ അവരുടെ ലോകത്തക്ക് ഇറങ്ങണ്ടേ സ്ഥിതിയാണ് സ്ഥാനാർത്ഥിമാർക്ക്. സ്ഥാനാർത്ഥികൾ എവിടെയെത്തിയാലും സെൽഫി പ്ലീസ് എന്ന ആവശ്യവുമായി ഒരുപറ്റം യുവ വോട്ടർമാർ കാണും. യുവജനങ്ങൾക്കൊപ്പം തന്നെ പ്രായമായവരും സെൽഫിയുടെ ആരാധകരായി മാറിയിരിക്കുന്ന കാലമാണ്. സ്ഥാനാർത്ഥിക്കൊപ്പം നിന്നുള്ള സിംഗിൾ സെൽഫി, ഗ്രൂപ്പ് സെൽഫി ഇങ്ങനെ പോകുന്നു സെൽഫി ഭ്രാന്ത്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് ശേഷം ഏറ്റവുമധികം പോസ് ചെയ്തത് സെൽഫിക്ക് വേണ്ടിയാണെന്നാണ് സ്ഥാനാർത്ഥിമാർ പറയുന്നത്. സെൽഫിക്ക് പുറമേ യുവവോട്ടർമാരുടെ സജീവ സാന്നിധ്യമുള്ള നവമാധ്യമങ്ങളിലും സ്ഥാനാർത്ഥികൾ സജീവമാണ്. സിനിമ ഷൂട്ടിംഗ്, എഡിറ്റിംഗ്, സിനിമ താരപര്യവേശം എന്നിവയെ വെല്ലുന്ന തരത്തിലുള്ള പ്രൊമോഷൻ വീഡിയോകളും ഫോട്ടോകളുമായി പോരാട്ടം കൊഴുപ്പിച്ച് മുന്നണികളുടെ സൈബർ വിംഗ്. നിയോജക മണ്ഡല പര്യടനങ്ങളുടെ ലൈവ് വീഡിയോ, ഫെയ്‌സ് ബുക്ക് പേജ്, വാട്‌സ്ആപ്പ്, ഇൻസ്റ്റാ ഇങ്ങനെ സാങ്കേതിക വിദ്യകളുടെ സേവനങ്ങൾ പരമാവധി വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.