dd

വെളളറട: വേനൽ കടുത്തതോടെ മലയോരമേഖലയിലെ കന്നുകാലി കർഷകർ ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് പുല്ലും വൈക്കോലും വെള്ളവും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കർഷകർ. വേനൽ കടുത്തതോടെ നീരുറവകളും ജലാശയങ്ങളും വറ്റി. വേനൽച്ചൂടിൽ പുൽമേടുകളും കരിഞ്ഞുണങ്ങി. തീറ്റപ്പുല്ലിനും വെള്ളത്തിനും പരക്കം പായുന്ന കന്നുകാലികർഷകർ മലയോരമേഖലയിൽ നിത്യ കാഴ്ചയാണ്. കന്നുകാലിവളർത്തൽ ഉപജീവന മാർഗമാക്കിയ നിരവധി പേർ മലയോരമേഖലയിൽ ഉണ്ട്. ആവശ്യത്തിന് പുല്ലും വെള്ളവും കിട്ടാതായതോടെ പാല് ഉത്പാദനവും കുറഞ്ഞു. പ്രതീക്ഷിച്ച പാലും അതിൽ നിന്നുള്ള വരുമാനവും കുറഞ്ഞതോടെ ദൈനംദിന ചെലവിന് മറ്റ് മാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ് കർഷകർ. മുൻകാലങ്ങളിൽ പാടങ്ങളും കൃഷിയും നിലനിന്നപ്പോഴാണ് പ്രദേശത്തെ ഒട്ടുമിക്ക കർഷകരും കന്നുകാലിവളർത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ വേനൽ കടുത്തതും കൃഷി നിലച്ച് പാടങ്ങൾ ഉണങ്ങിയതും കന്നുകാലി വളർത്തലിന് വെല്ലുവിളിയായി. വേനലും വരൾച്ചയും ഇത്തരത്തിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപ്പോറ്റുമെന്ന ആശങ്കയിലാണ് കർഷകർ. വെളളത്തിനും ബുദ്ധിമുട്ട് തുടങ്ങി തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്. പാലിന് കൊഴുപ്പ് ലഭിക്കാൻ പച്ചപ്പുല്ല് നൽകണം. പാലിന് കൊഴുപ്പില്ലെങ്കിൽ സംഘത്തിൽ നിന്നും കിട്ടുന്ന പാലിന്റെ വിലയ്ക്കും വ്യത്യാസം വരും. ചുരുക്കത്തിൽ കൊഴുപ്പില്ലാത്ത പാല് നൽകിയാൽ പലപ്പോഴും ഉത്പാദനച്ചെവിനുപോലും തികയുകയില്ല.

വൈക്കോലും കിട്ടാനില്ല

വരൾച്ച കൂടിയതോടെ പ്രദേശത്തെ പുൽമേടുകളെല്ലാം കരിഞ്ഞുണങ്ങി. ഇതോടെ കന്നുകാലികൾക്കുള്ള തീറ്റയും കുറഞ്ഞു. എന്നാൽ ഇവയ്ക്കായി വൈക്കോൽ വാങ്ങി നൽകാമെന്ന് കരുതിയാൽ അതും കിട്ടാനില്ല. പാടങ്ങലിൽ നെൽകൃഷി കുറഞ്ഞത് നാട്ടുംപുറത്തെ വൈക്കോൽ ലഭ്യതയെ ബാധിച്ചു. എന്നാൽ തമിഴ്നാട്ടിൽ നിന്നും മറ്റും ഇവയ്ക്കായി വൈക്കോൽ വാങ്ങി നൽകാമെന്ന് വച്ചാൽ അതും കിട്ടാനില്ല. വൈക്കോൽ ലഭ്യതയിൽ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. നേരത്തെ ലഭിച്ചിരുന്നതിനെക്കാൾ വൈക്കോലിൽ കെട്ടിന് 10 രൂപയുടെ വരെ വർദ്ധനയാണ് ഇപ്പോഴുള്ളത്. കന്നുകാലികൾക്ക് ആവശ്യത്തിന് തീറ്റി നൽകാൻ ചോദിക്കുന്ന വിലനൽകിയാണ് കർഷകർ വൈക്കോൽ വാങ്ങുന്നത്. എന്നാൽ കന്നുകാലികൾക്ക് ആവശ്യമായവ ചോദിക്കുന്ന വിലനൽകി വാങ്ങുമ്പോൾ പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാത്തത് കർഷകരെ കടക്കെണിയിലേക്ക് നയിക്കുന്നു.

 വൈക്കോൽക്കെട്ടിന് ഇപ്പോൾ നൽകുന്നത് 50-60 രൂപ

 വേനൽ കടുക്കുന്നതിന് മുൻപ്. 30-40 രൂപ

 സബ്സിഡിയായി ലഭിക്കുന്നത്

പാലിന് ......... 3 രൂപ (1 ലിറ്റർ)

പുല്ല്......... വിത്തും 50 രൂപയും

 മുളപൊട്ടാതെ തീറ്റപ്പുല്ലും

ചില കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതോടെ കാലികൾക്ക് നൽകാൻ കഴിയുന്ന ആകെയുള്ള തീറ്റ വൈക്കോൽ മാത്രമാണ്. പാൽ ഉത്പാദനം കുറവ് അനുഭവപ്പെടുന്ന വേനലിലെങ്കിലും ഉത്പാദനച്ചെലവിനനുസരിച്ചുളള വിലകിട്ടിയിലെങ്കിൽ ഇതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്. സംഘം വഴി തീറ്റപ്പുല്ല് കൃഷിക്കായി വിത്തും 50 രൂപ സബ്സിഡിയും ലഭിക്കും. എന്നാൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അത് കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പല കർഷകരും പറയുന്നത്.