malavila-palam

മലയിൻകീഴ്: പോങ്ങുംമൂട് മലവിള- ചാനൽപാലത്തിലൂടെ യാത്ര ചെയ്യണമെങ്കിൽ അല്പം നീന്തൽ കൂടി അറിയുന്നത് നല്ലതാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഈ പാലം ഏതുനിമിഷവും അരുവിക്കര ആറിൽ പതിക്കാം. നീന്തി അക്കരെ എത്താൻ അറിയാവുന്നവർ പെട്ടെന്ന് രക്ഷപെടും. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാവുന്ന വീതിയെ പാലത്തിനുള്ളൂ. എപ്പോഴും തിരക്കേറിയ ഈ റോഡിൽ യാത്രക്കാർ ഭീതിയോടെയാണ് പാലം കടക്കുന്നത്. കാൽനടയാത്രക്കാർ പാലത്തിലെത്തുമ്പോൾ ഒരു ചെറുവാഹനം വന്നാൽ പെട്ടതുതന്നെ. പാലത്തിന്റെ കരിഹ്കൽ കെട്ടുകൾ ഇളകി സിമന്റ് കട്ടകൾ അറീൽ പതിക്കുന്നത് പിതിവാണ്. വാഹനങ്ങൾ പാലത്തിൽ കയറുമ്പോഴാണ് ഇത് കൂടുതലും സംഭവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനപെരുപ്പമില്ലാതിരുന്ന കാലഘട്ടത്തിൽ അരുവിക്കര ആറിന് കുറുകെ നിർമ്മിച്ച പാലം ജീർണാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർ നൽകിയിട്ടുണ്ട്. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് മറ്റ് വിവിധ സർക്കാർ ഓഫീസുകൾ,ക്രൈസ്റ്റ് നഗർ കോളേജ്,ഡി.വി.എം.എൻ.എൻ,എം,ഹയർ സെക്കൻഡറി
സ്ക്കൂൾ,ക്ഷീര,കണ്ടല ഗവൺ മെന്റ് സ്കൂൾ,സർക്കാർ ആശുപത്രി, സഹകരണ ആശുപത്രി എന്നിവയിലെത്താനും മലവിള-ചാനൽപാലം കടന്ന് വേണം പോകാൻ.അരുവിക്കര,പുന്നാവൂർ ഭാഗത്തുള്ളവർ വരുന്നതും ഇതുവഴിയാണ്.

ഭൂമിക്ക് പൊന്നുംവില, എന്നിട്ടും...

മലവിളയിൽ പാലത്തിനും അപ്രോച്ച് റോഡിനുമായി പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ ഭൂമികൂടി വേണം. ഇതിന് പൊന്നുംവില നൽകാനും അധികൃതർ തയാറാണ്. ഭൂമി ഏറ്റെടുക്കലിന്റെ ആദ്യ നടപടിയായി ജില്ലാ കളക്ടർ വി‌ജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ തുടർ നടപടികൾ സ്വീകരിക്കേണ്ട റവന്യൂ, പൊതുമരാമത്ത് വകുപ്പുകളുടെ മെല്ലേപ്പോക്ക് പാലം നിർമ്മാണത്തെ വൈകിപ്പിക്കുന്നെന്നാണ് പരാതി.

അപകടങ്ങളും പതിവ്

കനാലിൽ നിന്നും 60 അടി ഉയരത്തിലാണ് പാലം സ്ഥിതിചെയ്യുന്നത്. നിത്യേന നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകാറുള്ളത്. കരിങ്കല്ലുമായി പോയ ടിപ്പർ കനാലിലേക്ക് പതിച്ചതും രണ്ട് വട്ടം കെ.എസ്.ആർ.ടി.സി.ബസിന്റെ സൈഡ് പാലത്തിലെ
ഇരുമ്പ് പൈപ്പുകളിൽ തട്ടി തെറിച്ചു വീണിട്ടുണ്ട്. അന്ന് അദ്ഭുതകരമായിട്ടാണ് ദുരന്തങ്ങൾ ഒഴിവായത്. ഇരുചക്രവാഹനങ്ങളും ആട്ടോറിക്ഷയും അപകടത്തിലാകുന്നത് പതിവാണിവിടെ. കോടന്നൂർ, കീഴാറൂർ പാറമടകളിൽ നിന്ന് കൂറ്റൻ പാറകളുമായി
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കൊണ്ടുപോകുന്ന ടാർസൻ ഉൾപ്പെടെയുള്ള ടിപ്പറുകളും മലവിള പാലത്തിലൂടെയാണ് പോകുന്നത്.