തിരുവനന്തപുരം: കനകക്കുന്നിന് എതിർവശം ഒബ്സർവർവേറ്ററി ഹിൽസിൽ സ്ഥാപിച്ച ശ്രീനാരായണഗുരു പ്രതിമയ്‌ക്ക് അലങ്കാരമായി പാർക്കിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണം പൂർത്തിയായി. പ്രതിമയ്‌ക്ക് ചുറ്റുമുള്ള 20 സെന്റ് പ്രദേശമാണ് മനോഹരമായ പാർക്കായി മാറ്റിയത്. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് സാംസ്കാരിക വകുപ്പ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. മൂന്ന് വർഷം മുൻപാണ് പ്രതിമ നിർമ്മാണം ആരംഭിച്ചത്. കാനായിയിൽ നിർമ്മിച്ച പ്രതിമ തലസ്ഥാനത്ത് എത്തിച്ച് പീഠത്തിൽ സ്ഥാപിക്കുകയായിരുന്നു. ഗുരുവിന്റെ ജീവിതത്തിലെ സുപ്രധാനമായ 26 സംഭവങ്ങൾ പാർക്കിലും പുറത്തുമായി മതിലിൽ ശില്പരൂപത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഗുരുവിന്റെ കുട്ടിക്കാലം മുതൽ നവോത്ഥാന കാലഘട്ടത്തിലൂടെ സമാധിക്ക് തൊട്ടുമുമ്പുവരെയുള്ള പ്രധാന സംഭവങ്ങളാണ് ചുവർ ശില്പങ്ങളായി അവതരിപ്പിച്ചിട്ടുള്ളത്. ഫൈബർ ഗ്ളാസിലാണ് ശില്പങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇവ വിവരിക്കാൻ ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ജീവനക്കാരി ഉണ്ടാകും.

പാർക്കിൽ ലാൻഡ് സ്കേപ്പിംഗ്,ഇരുപതോളം ഇരിപ്പിടങ്ങൾ എന്നിവയുമുണ്ട്. ഭിന്നശേഷിക്കാർക്ക് ഉള്ളിലേക്ക് കയറാൻ സംവിധാനവുമുണ്ട്. എൽ.ഇ.ഡി വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ആകെ.1.19 കോടി മുടക്കിയാണ് പ്രതിമയും പാർക്കും നിർമ്മിച്ചിട്ടുള്ളത്.

പ്രതിമയുടെ ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ തന്നെയാണ് പാർക്കിന്റെ രൂപകല്പനയും നിർമ്മാണവും നടന്നത്. ഗുരുവിന്റെ ശില്പവും ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളും ഒരുമിച്ച് ഒരേ സ്ഥലത്ത് സ്ഥാപിക്കുന്നത് ആദ്യമാണെന്നും ഇതുപോലെ മറ്റൊരു പാർക്കും സംസ്ഥാനത്ത് ഒരിടത്തുമില്ലെന്നും ശില്പി ഉണ്ണി കാനായി പറഞ്ഞു.