kerala

കണ്ണൂർ: മലയാള നാടിന്റെ രീതികൾക്കൊന്നും വഴങ്ങിക്കൊടുക്കാത്ത ചരിത്രമാണ് വടക്കേയറ്റത്തെ മഞ്ചേശ്വരത്തിന്റേത്. ഏഴു ഭാഷകളും അതിലേറെ സംസ്കാരവും നിറഞ്ഞ ഇവിടെ രാഷ്ട്രീയവും തികച്ചും വ്യത്യസ്തമാണ്. ജില്ലയുടെ തെക്കൻ പാതി കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മേൽക്കോയ്മയുള്ള ഗ്രാമങ്ങളുള്ളപ്പോൾ വടക്ക് ബി.ജെ.പിയും മുസ്ലിം ലീഗുമാണ് ഇന്ന് പ്രബലം. കർണ്ണാടകയുടെ സ്വാധീനവും മഞ്ചേശ്വരത്തിന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു.

കേരളത്തോട് താദാത്മ്യം

പ്രാപിക്കാതെ കന്നഡികർ

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണ കാലത്ത് കേരളത്തോട് ലയിപ്പിക്കുന്നതിൽ കന്നഡ ഭാഷാ ന്യൂനപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയ നാടാണിത്. ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1957ൽ കർണാടക സമിതിയുടെ ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും കൗതുകം നൽകുന്ന ചരിത്രമാണ്. കെ. മഹാബല ഭണ്ഡാരി തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലം സി.പി.ഐയിലെ എം. രാമപ്പ 1970ലാണ് പിടിച്ചെടുക്കുന്നത്. ആരോഗ്യമന്ത്രിയായിരുന്ന സി.പി.ഐയിലെ എം. സുബ്ബറാവു എം.എൽ.എയായ മത്സര കാലത്താണ് ബി.ജെ.പി സാന്നിദ്ധ്യം അറിയിച്ചത്. സുബ്ബറാവു 19,​544 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി എം. രാമകൃഷ്ണന് 19,​391വോട്ടും ബി.ജെ.പിയിലെ എച്ച്. ശങ്കര ആൽവയ്ക്ക് 14,443 വോട്ടും ലഭിച്ചു.

ഇടത്പക്ഷം മൂന്നാംസ്ഥാനത്തായി

തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗ് സീറ്റ് ഏറ്റെടുത്തത്. ഇതോടെ 1987 മുതൽ ബി.ജെ.പിയുടെ കുതിപ്പ് തുടങ്ങി. 2006 ൽ സി.എച്ച്. കുഞ്ഞമ്പു ഒരു തവണ വിജയിച്ചത് ഒഴിച്ചാൽ എല്ലാ തവണയും ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിനിടെ കോൺഗ്രസിന്റെ സംഘടനാ ശേഷിയും ദുർബലമായി.

കെ.ജി. മാരാർ, സി.കെ. പത്മനാഭൻ മുതലുള്ള അതികായന്മാരെ ബി.ജെ.പി. പരീക്ഷിച്ചതിന് ഒടുവിലാണ് ഇവിടേക്ക് കെ. സുരേന്ദ്രൻ മൂന്നാം അങ്കത്തിന് എത്തുന്നത്. മഞ്ചേശ്വരത്ത് രണ്ടാമത് എത്തിയ 1987 ൽ ബി.ജെ.പി ഇരട്ടിയോളമായാണ് വോട്ട് വർദ്ധിപ്പിച്ചത്. തുടർന്നിങ്ങോട്ട് ലീഗും ബി.ജെ.പിയും വോട്ട് വിഹിതം കൂട്ടിക്കൊണ്ടേയിരുന്നു.

വികസനത്തിൽ പിന്നാക്കം

വികസന കാര്യത്തിൽ അതീവ പിന്നാക്കാവസ്ഥ നേരിടുന്ന മണ്ഡലത്തിൽ അതിലേറെ ചർച്ചയാകുന്നത് വർഗ്ഗീയതയാണെന്ന് ഇടതുപക്ഷം ആരോപിക്കാറുണ്ട്. അതേസമയം, തങ്ങൾ വിജയിക്കുമെന്ന് ഉറപ്പുള്ളപ്പോഴെല്ലാം ലീഗിന് വോട്ട് മറിക്കുന്ന സി.പി.എമ്മിന് ഇത്തരം ആരോപണം ഉന്നയിക്കാൻ അവകാശമില്ലെന്ന് ബി.ജെ.പിയും വിമർശിക്കുന്നു.

കാസർകോട് താലൂക്കിലെ മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. ഇതിൽ ഭൂരിഭാഗം പ്രദേശങ്ങളും കന്നഡ സംസാരിക്കുന്നവരാണ്. 2016ൽ മുസ്ലിം ലീഗ് പ്രതിനിധിയായി പി.ബി. അബ്ദുൾ റസാഖ് 89 വോട്ടിന് വിജയിച്ചതോടെയാണ് മഞ്ചേശ്വരം സംസ്ഥാന തലത്തിൽ ശ്രദ്ധയമായത്. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ തല നാരിഴയ്ക്കാണ് അന്ന് പരാജയപ്പെട്ടത്. അന്ന് ലീഗിന് 56870 വോട്ടും, ബി.ജെ.പിയ്ക്ക് 56781 വോട്ടും സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിന് 42,565 വോട്ടും ലഭിച്ചു.

ഖമറുദ്ദീൻ എത്തിയത് ഉപതിരഞ്ഞെടുപ്പിൽ

അബ്ദുൾ റസാഖിന്റെ മരണത്തോടെ അങ്കത്തിന് ഇറങ്ങിയ എം.സി. ഖമറുദ്ദീൻ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് 65,407 ആയി വർദ്ധിപ്പിച്ചപ്പോൾ ബി.ജെ.പിയും 57,484 ആയി വർദ്ധിപ്പിച്ചു. സി.പി.എം നേതാവ് ശങ്കർ റൈയ്ക്ക് 38,233 വോട്ടായിരുന്നു ലഭിച്ചത്. കന്നഡ മേഖലയിലുള്ള ആളെ തന്നെ മുന്നിൽ നിർത്തിയിട്ടും ഇടതുപക്ഷത്തിന് അട്ടിമറി സൃഷ്ടിക്കാനായില്ല. ഇത്തവണ സുരേന്ദ്രൻ വീണ്ടും എത്തുമ്പോൾ എ.കെ.എം. അഷറഫിനെ മുന്നിൽ നിർത്തിയാണ് ലീഗ് മത്സരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാ മുൻ ചെയർമാനും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷററുമായിരുന്ന വി.വി. രമേശനാണ് സി.പി.എമ്മിന്റെ സ്ഥാനാർത്ഥി. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മംഗളൂരുവിനെ ആശ്രയിക്കേണ്ടി വരുന്ന ദയനീയ സ്ഥിതിയ്ക്ക് ആരെ അധികാരത്തിലേറ്റിയാലാണ് ഗുണം ഉണ്ടാകുകയെന്നാണ് ജനങ്ങളുടെ ചോദ്യം.