വികസനരേഖയും കുടുംബയോഗവും

പ്രചാരണ രംഗത്ത് ആവേശം സൃഷ്ടിച്ച് തിരുവനന്തപുരം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നു. പത്തുവർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളുടെ വികസനരേഖയുടെ പ്രകാശനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാവിലെ നിർവഹിച്ച ശേഷമാണ് പ്രചാരണ പ്രവർത്തനങ്ങൾക്കിറങ്ങിയത്.ബീമാപള്ളിയിൽ നടത്തിയ പ്രചാരണം ആവേശകരമായി.വഴുതക്കാട്, കുര്യാത്തി,വഞ്ചിയൂർ എന്നിവിടങ്ങളിലെ പ്രചാരണത്തിന് ശേഷം വേളി പൊഴിക്കരയിൽ നടന്ന കുടുംബയോഗത്തോടെയാണ് പ്രചാരണം അവസാനിച്ചത്.

പൂക്കളുമായി കുട്ടികൾ

തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി ആന്റണി രാജുവിന്റെ പ്രചാരണത്തിൽ ആവേശവുമായി കുട്ടികൾ. പൂക്കളും ഷാളുകളുമായി കുട്ടികളടക്കമാണ് ആന്റണി രാജുവിനെ സ്വീകരിക്കുന്നത്. മണ്ഡലമാകെ ഇടതുതരംഗം അലയടിക്കുന്നതായും സർക്കാരിനെ ജനം നെഞ്ചോട് ചേർത്ത് പിടിക്കുന്നതായും ആന്റണി രാജു പറഞ്ഞു. ഇന്നലെ മാണിക്യ വിളാകം,ബീമാപള്ളി ഈസ്റ്റ് എന്നീ പ്രദേശങ്ങളിലാണ് പര്യടനം നടന്നത്.വീടുകൾ കയറിയുള്ള പ്രചാരണമാണ് നടക്കുന്നത്.കഴിഞ്ഞ പത്തുവർഷമായി വികസന മുരടിപ്പ് മാത്രമേ മണ്ഡലത്തിൽ ഉണ്ടായിട്ടുള്ളൂവെന്ന ആരോപണം ഉയർത്തിയാണ് ആന്റണിരാജു വോട്ട് അഭ്യർത്ഥിക്കുന്നത്.

കുടുംബയോഗങ്ങളിൽ ശ്രദ്ധയൂന്നി

കുടുംബയോഗങ്ങളിൽ ശ്രദ്ധയൂന്നി തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ പര്യടനം. ഇന്നലെ രാവിലെ 7 മുതൽ വേളിയിൽ വോട്ടർമാരെ കണ്ടു. തുടർന്ന് വലിയതുറ,ചാക്ക,വഴുതക്കാട്,പേട്ട, ശ്രീകണ്ഠേശ്വരം,ചാല,കരിമഠം കോളനി എന്നിവിടങ്ങളിലായിരുന്നു പര്യടനം.കുടുംബയോഗങ്ങളിലും പങ്കെടുത്തു.നൂറുകണക്കിന് പാർട്ടിപ്രവർത്തകരും വോട്ടർമാരുമാണ് കൃഷ്ണകുമാറിനെ ഓരോ പോയിന്റിലും കാണാനായി കാത്തുനിന്നത്.