a

തിരുവനന്തപുരം: പ്രചാരണം അവസാനലാപ്പിലേക്ക് കടന്നതോടെ സ്ഥാനാർത്ഥികളുടെ ഓട്ടപ്പാച്ചിലിനും ഇരട്ടിവേഗമാണിപ്പോൾ. ചിറയിൻകീഴ് മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. കുടുംബയോഗങ്ങളിൽ സജീവമായും കവലകളിലും കോളനികളിലും സാന്നിദ്ധ്യമായും ഒരുമിനിട്ടുപോലും പാഴാക്കാതെയാണ് സ്ഥാനാർത്ഥികളുടെ ഓട്ടം. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും തൊഴു കൈയോടെയെത്തി വോട്ടിനൊപ്പം അനുഗ്രഹവും വാങ്ങിയാണ് സ്ഥാനാർത്ഥികളുടെ മടക്കം. ചിറയിൻകീഴിന്റെ മനസ് കീഴടക്കാൻ കനത്ത വെയിലും അവഗണിച്ചാണ് സ്ഥാനാർത്ഥികളുടെ പ്രയാണം. വികസനത്തിനൊപ്പം അടിസ്ഥാന പ്രശ്‌നങ്ങളും ചർച്ചയാകുന്ന മണ്ഡലത്തിൽ പ്രചാരണം ഉൗർജ്ജിതമാക്കി ഓരോ വോട്ടും ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ.

വികസനപാതയിൽ വോട്ടുതേടി

സമയം ഉച്ചയ്‌ക്ക് 2.30.മഞ്ചാടിമൂട്ടിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പ്രചാരണ ഇടവേളയിൽ വീണുകിട്ടിയ സമയത്ത് വിശ്രമിക്കുകയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശശി. ഭൂരിപക്ഷം ഉയർത്തിയുള്ള രണ്ടുവിജയങ്ങളുടെ ആത്മവിശ്വാസമുണ്ടെങ്കിലും പ്രചാരണത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ചുരുങ്ങിയ സമയത്തെ വിശ്രമത്തിനൊടുവിൽ കിഴുവിലം പഞ്ചായത്തിലെ കാട്ടുംപുറം മേഖലയിലെ കുടുംബയോഗത്തിലേക്ക്. 'നിങ്ങളുടെ ഒരു വോട്ടിന് വികസനമാണ് പകരം തരുന്ന ഉറപ്പ്' എന്ന് കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വി. ശശി പറയുന്നതിനെ ഹർഷാരവത്തോടെയാണ് വോട്ടർമാർ വരവേൽക്കുന്നത്. ഓരോ കുടുംബ യോഗങ്ങളിലും തിങ്ങിനിറഞ്ഞ ആൾക്കൂട്ടം മുൻ എം.എൽ.എയുടെ ആത്മവിശ്വാസം കൂട്ടുന്നു.യോഗങ്ങളിൽ വീട്ടമ്മമാർ ഉന്നയിക്കുന്ന സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടിയും സ്ഥാനാർത്ഥിയുടെ പക്കലുണ്ട്. വിശ്വാസ വിഷയവും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ചിറയിൻകീഴ് മണ്ഡലത്തെ പിടിച്ച് കുലുക്കില്ലെന്ന ഉത്തമ ബോദ്ധ്യത്തിലാണ് പ്രചാരണം ടോപ്പ് ഗിയറിലാക്കിയുള്ള പ്രയാണം.

'വികസനം തലോടാത്ത ഒരു മേഖലയും ഇന്ന് ചിറയിൻകീഴ് മണ്ഡലത്തിലില്ല. കഴിഞ്ഞ പത്ത് വർഷത്തിൽ നടത്തിയ വികസനമാണ് എന്റെയും എൽ.ഡി.എഫ് സർക്കാരിന്റെയും മുതൽകൂട്ട്. ശബരിമലയും അഴിമതി ആരോപണങ്ങളും വോട്ടർമാർ തള്ളിക്കളയും. കുടിവെള്ള പ്രശ്നത്തിൽ ഒരുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരമുണ്ടാകും. ഇതിനായി രണ്ട് ബൃഹദ് പദ്ധതികൾ തയാറാവുന്നുണ്ട്. വികസനം തനിക്ക് വിജയം നൽകും.

-വി.ശശി


സ്ഥാനാർത്ഥിയെക്കാളും വേഗത്തിലോടി കുഞ്ഞുദേവു

സമയം ഉച്ചയ്ക്ക് ഒരു മണി.അയിലം ജംഗ്ഷൻ.യു.ഡി.എഫ് സ്ഥാനാർത്ഥി ബി.എസ്.അനൂപിനൊപ്പം വോട്ടുതേടാൻ ചുറുചുറുക്കുള്ള ഒരു ബാലികയെ കണ്ടതോടെ നാട്ടുകാ‌ർക്ക് കൗതുകം.ഇതാരണപ്പാ..സ്ഥാനാർത്ഥിയെക്കാളും വേഗത്തിൽ വോട്ടു ചോദിക്കുന്നത്.അതാ വന്നു ഉത്തരം.ലോക്‌സഭ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനൊപ്പം പ്രചാരണത്തിനെത്തിയ പ്രവർത്തകൻ അജിയുടെ മകളാണ്. പേര് ദേവു.അടൂർ പ്രകാശിന്റെ പ്രചാരണത്തിലെ നിറസാന്നിദ്ധ്യമായിരുന്നു ദേവു.ഇപ്പോൾ അനൂപിനുവേണ്ടിയും വോട്ട് തേടി ഇറങ്ങിയിരിക്കുകയാണ്.അയിലത്തെ വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങി വോട്ട് തേടിയ അനുപിനെ പരിചയക്കാരാണ് വരവേറ്റത്.വർഷങ്ങളായി യു.ഡി.എഫിന് വോട്ടു ചെയ്യുന്ന തങ്ങൾ പാർട്ടി മാറിയിട്ടില്ല അനൂപേ.. ഇത്തവണത്തെ വോട്ട് നിനക്ക് തന്നെ എന്ന ചന്ദ്രന്റെ പ്രതികരണത്തിൽ അനൂപ് ഡബിൾ ഹാപ്പി.കുടിവെള്ളമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് അനൂപ് നൽകുന്ന ഉറപ്പ്.കാവുവിള ലക്ഷം വീട് കോളനി,​തൊപ്പി ചന്ത,​മംഗലപുരം ജംഗ്ഷൻ പുകയില തോപ്പ് കോളനി,​മുദാക്കൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പ്രചാരണം കേന്ദ്രീകരിച്ചത്.

'

ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കിട്ടിയ മുൻതൂക്കം ഇൗ തിരഞ്ഞെടുപ്പിലുമുണ്ടാകും.വികസനം തൊട്ടുതീണ്ടാത്ത പല മേഖലകളിലും നിഴലിക്കുന്നത് മുൻ എം.എൽ.എയുടെ പരാജയമാണ്.പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകളാണ് ഇവിടെ വികസനമെത്തിയതെന്ന് പറയുന്നതിന്റെ ഉദാഹരണം.അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുമെന്നാണ് തനിക്ക് നൽകാനുള്ള ഉറപ്പ്

ബി.എസ് അനുപ്

'നിങ്ങളുടെ ഇളയ സഹോദരിക്ക് ഒരു വോട്ട്'

സമയം രാവിലെ 11.30. അഴൂർ മാവിൻമൂട്ടിൽ വീടുകൾ കയറിയിറങ്ങി വോട്ടു തേടുന്ന തിരക്കിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ആശാ നാഥ് ജി.എസ്. 'നിങ്ങളുടെ ഇളയ സഹോദരിക്ക് ഒരു വോട്ട് നൽകണേ..' എന്ന പ്രവർത്തകരുടെ അപേക്ഷയും ഇതിനൊപ്പമുണ്ട്.മീനച്ചൂടിന്റെ കാഠിന്യം ആശയെ അൽപ്പമൊന്നു തളർത്തിയെങ്കിലും പ്രചാരണ ചൂടിൽ അതെല്ലാം അലിഞ്ഞില്ലാതായി.പിന്നെ പ്രചാരണത്തിന്റെ ഗിയർ ഒന്ന് മാറ്റി ‌ഡബിൾ സ്പീ‌ഡിലാക്കി.തെറ്റിച്ചിറയിൽ അമ്മമാരുടെ അനുഗ്രഹം വാങ്ങി.തൊഴിലുറപ്പുകാരോടുള്ള വോട്ടഭ്യർത്ഥ്യന 15 മിനിട്ടോളം നീണ്ടു.കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥാനാർത്ഥിയും ഒപ്പമുള്ളവരും തൊഴിലാളികളോട് പങ്കുവച്ചു.യുവതികളോട് കുശലം ചോദിച്ചും കുഞ്ഞുങ്ങൾക്ക് സ്നേഹ ചുംബനങ്ങൾ നൽകിയും എതിരഭിപ്രായങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി നൽകിയുമാണ് ആശയുടെ പ്രചാരണം.

ചിറയിൻകീഴ് ഒരു മാറ്റത്തിനാണ് കാതോർക്കുന്നത്.കുടിവെള്ളമടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങൾ മണ്ഡലത്തിൽ രൂക്ഷമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്കുണ്ടായ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.അതിന്റെ സൂചനകളാണ് മണ്ഡലത്തിലെ വോട്ടർമാർ നൽകുന്നത്. വിജയം അകലെയല്ല.

ആശാനാഥ് ജി.എസ്