അരുവിക്കര: യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച കോൺഗ്രസ് അരുവിക്കര ബ്ലോക്ക് ജനറൽ സെക്രട്ടറി കാച്ചാണി കിഴക്കതിൽ വീട്ടിൽ കെ.കെ. ദിവാകരന് (68) നാടിന്റെ അന്ത്യാഞ്ജലി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം വിലാപ യാത്രയായി കാച്ചാണിയിലെത്തിച്ച മൃതദേഹം വീട്ടുമുറ്റത്ത് പൊതുദർശനത്തിനുവച്ചപ്പോൾ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. തുടർന്ന് ഉച്ചയോടെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. തിങ്കളാഴ്ച വൈകിട്ട് മൈലം ജംഗ്‌ഷനിൽ യു.ഡി.എഫ് നയവിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ദിവാകരൻ കുഴഞ്ഞുവീണത്. പേരൂർക്കട ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർദ്ധന കുടുംബാംഗമായ ദിവാകരൻ സജീവ കോൺഗ്രസ് പ്രവർത്തകനാണ്. റിട്ട. ലേ സെക്രട്ടറി സിന്ധു ഭാര്യയാണ്. മക്കൾ: ഗോപിക, ഗോകുൽ. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്‌ണപിള്ള, യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരിനാഥൻ, മുൻ വിവരാവകാശ കമ്മീഷണർ വിതുര ശശി, ഡി.സി.സി സെക്രട്ടറി ജയമോഹൻ, വൈസ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.എ. ഹക്കിം തുടങ്ങിയവർ വിലാപയാത്രയ്ക്ക് നേതൃത്വം നൽകി. കാച്ചാണി ജംഗ്‌ഷനിൽ ചേർന്ന അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ പങ്കെടുത്തു.