
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം ഭരിച്ച തദ്ദേശസ്ഥാപനങ്ങൾ രാഷ്ട്രീയകാരണങ്ങളാൽ സാമൂഹ്യ സുരക്ഷാപെൻഷൻ മുടക്കിയിട്ട് അതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരിൽ ചാരി കുപ്രചാരണം നടത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. 2016 ഫെബ്രുവരിയിലെ ക്ഷേമപെൻഷനായി 246 കോടി രൂപ എസ്.ബി.ടിക്ക് അനുവദിച്ച് 20ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. ബാങ്കിൽ നിന്ന് തദ്ദേശസ്ഥാപനങ്ങളിലേക്ക് തുക അനുവദിച്ചു. എന്നാൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള തദ്ദേശസ്ഥാപനങ്ങൾ ഗുണഭോക്താക്കൾക്ക് പണം വിതരണം ചെയ്തില്ല.
ഇതിന് അപവാദമായിരുന്നു ഇടതുപക്ഷത്തിന്റെ കോഴിക്കോട് മേയറായിരുന്ന വി.കെ.സി. മമ്മദ് കോയ. ഇതു പാവപ്പെട്ടവരുടെ പണമാണെന്നും വിതരണം ചെയ്യാതെ പിടിച്ചുവയ്ക്കരുതെന്നും അദ്ദേഹം കർശന നിലപാടെടുത്തു. 16 മാസം കുടിശിക വരുത്തിയെന്നു പറഞ്ഞാണ് ഇപ്പോൾ സി.പി.എം പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. രാഷ്ട്രീയകാരണങ്ങളാൽ തുക വിതരണം ചെയ്യാതിരുന്ന കൊടിയ വഞ്ചനയ്ക്ക് സി.പി.എം വൈകിയാണെങ്കിലും ജനങ്ങളോട് മാപ്പു പറയണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.