mullappally

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെ കരാർ ഉറപ്പിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം നടന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ ജയിച്ചു. രണ്ടാമതെത്തിയ ബി.ജെ.പിക്ക് 44,000 വോട്ട് ലഭിച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചു. ബി.ജെ.പിയുടെ വോട്ട് നില 28,000 ആയി കുറഞ്ഞു. വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് എങ്ങനെ വിജയിച്ചെന്നും ആരുതമ്മിലാണ് വോട്ടുകച്ചവടമെന്നും ഈ കണക്ക് പരിശോധിച്ചാൽ വ്യക്തമാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.