
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന് തുടർ ഭരണത്തിന് അവസരം കൊടുക്കുന്നത് അത്യാപത്താണെന്നും, അത് സംസ്ഥാനത്ത് സർവനാശം വിതയ്ക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രിയുടെ സ്വരത്തിന് സൗമ്യത വന്നിരിക്കുന്നു. വലിയ കാർക്കശ്യം കാണുന്നില്ല. മന്ത്രിമാരെല്ലാം മര്യാദരാമന്മാരായി മാറി. ചില മന്ത്രിമാർ തെറ്റ്
ഏറ്റുപറയാൻ തുടങ്ങി. ഈ മുഖം മിനുക്കലിലും ഭാഷയിൽ വന്ന മാറ്റത്തിലും ആരും വഞ്ചിതരാകരുത്. ഇതെല്ലാം അക്കരെ കടക്കാനുള്ള അടവ് മാത്രമാണ്. അവർ അക്കരെ കടന്നാൽ അതോടെ കേരളത്തിന്റെ കഥ കഴിഞ്ഞു.
ഏപ്രിൽ ആറിന് വോട്ടു ചെയ്യാൻ പോകുംമുമ്പ് കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം ഓർക്കണം. അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂർത്ത്, സർവത്ര അഴിമതി ഇതായിരുന്നു മുഖമുദ്ര. ശബരിമല വിഷയത്തിൽ കോടതിവിധി വന്നതിന് ശേഷം എല്ലാവരുമായി ചർച്ച ചെയ്തേ തീരുമാനമെടുക്കൂവെന്നും, എടുത്തുചാട്ടത്തിനില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ദേവസ്വം മന്ത്രിയാകട്ടെ തെറ്റുപറ്റി, ക്ഷമിക്കണമെന്ന് പറയുന്നു. മുഖ്യമന്ത്രി ഈ നിലപാട് നേരത്തേ എടുത്തിരുന്നെങ്കിൽ ഇത്രയേറെ നാശമുണ്ടാകുമായിരുന്നില്ല. ശബരിമലയിൽ സംഭവിച്ചത് പോളിംഗ് ബൂത്തിലേക്ക് പോകുന്ന അയ്യപ്പഭക്തർ മറക്കുമോ?. മുഖ്യമന്ത്രി എത്ര സ്വരം മാറ്റിപ്പറഞ്ഞാലും കേരളത്തിലെ വിശ്വാസികൾ മാപ്പ് തരില്ല. ശുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നീ ചെറുപ്പക്കാരെ ക്രൂരവും പൈശാചികവുമായി കൊലചെയ്ത സംഭവവും ജനങ്ങൾ മറക്കില്ല. സി.ബി.ഐ അന്വേഷണം തടയാൻ സർക്കാർ എത്ര കോടിയാണ് ചെലവഴിച്ചത്. ഇടതുമുന്നണിക്ക് ജനങ്ങൾ വിധിക്കാൻ പോകുന്നത് രാഷ്ട്രീയ വനവാസമായിരിക്കും.
. പബ്ലിക് സർവീസ് കമ്മീഷനെ പാർട്ടി കമ്മീഷനാക്കി, അർഹതയുള്ളവർക്ക് ജോലി നിഷേധിച്ച്, പിൻവാതിൽ നിയമനം പതിവാക്കിയ ഈ സർക്കാരിനെതിരെ തൊഴിൽ നിഷേധിക്കപ്പെട്ട ചെറുപ്പക്കാരുടെ പ്രതികാരം ഉണ്ടാകാതിരിക്കുമോ?..സർക്കാരിനെ ശപിച്ചുകൊണ്ട് അവർ യു.ഡി.എഫിന് വോട്ടുചെയ്യും.കേരളത്തിന്റെ കടൽത്തീരം മുഴുവൻ ചൂഷണം ചെയ്യാൻ അമേരിക്കൻ കമ്പനിക്ക് അനുമതി നൽകി ആഴക്കടൽ മത്സ്യബന്ധന കരാർ ഒപ്പിട്ട സർക്കാരിന് മത്സ്യത്തൊഴിലാളികൾ മാപ്പ് നൽകില്ല. പിണറായി ഭരണത്തെ തൂത്തെറിയണമെന്നത് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും മാത്രമല്ല, നല്ല കമ്മ്യൂണിസ്റ്റുകാരുടെയും ആവശ്യമാണ്- ആന്റണി പറഞ്ഞു.