
തിരുവനന്തപുരം: തനിക്കെതിരായ കുപ്രചാരണങ്ങളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഈ കെട്ടു കഥകൾ ആരുടെ താത്പര്യപ്രകാരമാണ് വരുന്നതെന്ന് അന്വേഷിക്കണം. രാഷ്ട്രീയ താത്പര്യം വച്ചുള്ള കുപ്രചാരണങ്ങൾ പുകമറയാണ്.
വഹിക്കുന്ന പദവിയുടെ പരിമിതിയുടെ പേരിൽ പലതും വേണ്ടത്ര തുറന്നു പറയാൻ ആയിട്ടില്ല. ആ അവസരം ഉപയോഗപ്പെടുത്തി എന്തും വിളിച്ചു പറയുന്നിടത്തേക്ക് കാര്യങ്ങൾ എത്തുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായമെന്നപോലെ കേന്ദ്ര ഏജൻസികൾ തങ്ങളാൽ കഴിയുന്ന കൊഴുപ്പുകൂട്ടലിനും നേതൃത്വം കൊടുക്കുന്നു. ലോക കേരള സഭയുടെ പേരിൽ പണ സമാഹരണവും സമ്പത്തുണ്ടാക്കലുമാണ് നടന്നത് എന്ന് പറയുന്നത് തരംതാണ പ്രചാരവേലയാണ്.
ഒമാനിൽ മിഡിൽ ഈസ്റ്റ് കോളേജ് നടത്തുന്ന പൊന്നാനിയിലെ ലഫീർ അഹമ്മദിനെ അറിയാം. അതുപോലെ എത്രയോ പേരെ അറിയാം, അവരെയെല്ലാം കാണാറും സംസാരിക്കാറുമുണ്ട്. അതിനർത്ഥം അവരുമായെല്ലാം കൂട്ടുകച്ചവടമുണ്ടെന്നല്ല. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. സ്വദേശത്തോ വിദേശത്തോ ഒരു നിക്ഷേപവുമില്ല. ഇത് ഏത് ഇന്റർപോളിനും അന്വേഷിക്കാവുന്നതാണെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.