
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറിയാൽ ശബരിമലയിൽ ആചാരസംരക്ഷണത്തിന് പുതിയ നിയമനിർമ്മാണം നടത്തുമെന്നും ലൗജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും പ്രകടനപത്രികയിൽ എൻ.ഡി.എ പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ 3500 രൂപയാക്കി ഉയർത്തും. ഓരോ വീട്ടിലും ഒരാൾക്കെങ്കിലും തൊഴിൽ നൽകും. ഭീകരവാദപ്രവർത്തനം തുടച്ചുനീക്കും. സംസ്ഥാനത്തെ പട്ടിണിരഹിതമാക്കുന്ന സദ്ഭരണം വാഗ്ദാനം ചെയ്തുകൊണ്ടുമുള്ള പ്രകടനപത്രിക കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുറത്തിറക്കിയത്.
വികസനോന്മുഖമായ പ്രകടനപത്രികയാണിതെന്ന് ജാവദേക്കർ പറഞ്ഞു.കേന്ദ്രത്തിൽ മോദി നടപ്പാക്കുന്ന വികസനത്തിനൊപ്പം കേരളത്തെയും കൈപിടിച്ചുയർത്താനും വികസനമുരടിപ്പ് അവസാനിപ്പിക്കാനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും ഭീകരവാദം, കൊലപാതകരാഷ്ട്രീയം എന്നിവയ്ക്ക് അറുതിവരുത്താനും ലക്ഷ്യമിട്ടുളള നയപരിപാടിയാണ് ഇതിലൂടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ഉപമുഖ്യമന്ത്രി ഡോ.അശ്വത്ഥ്നാരായണൻ, ഒ.രാജഗോപാൽ എം.എൽ.എ, പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവരും പങ്കെടുത്തു.
മറ്റു പ്രധാന വാഗ്ദാനങ്ങൾ
*എല്ലാവർക്കും വീട്,കുടിവെള്ളം,വൈദ്യുതി
*മുഴുവൻ തൊഴിലാളികൾക്കും മിനിമം വേതനം
*ഭക്തർക്ക് മുൻഗണനയുള്ള ദേവസ്വം ഭരണം
*ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്
* നിർബന്ധിത മതപരിവർത്തനത്തിന് നിരോധനം.
* മുതൽമുടക്കുന്നതിന് ന്യായമായ ലാഭം ഉറപ്പാക്കും.
*ഭൂരഹിതരായ പട്ടികജാതി,വർഗ വിഭാഗങ്ങൾക്ക് കൃഷിക്ക് അഞ്ചേക്കർ ഭൂമി
*ബി.പി.എൽ കുടുംബങ്ങൾക്ക് വർഷത്തിൽ ആറ് പാചകവാതക സിലിണ്ടർ സൗജന്യം
*ബി.പി.എൽ കുടുംബങ്ങളിലെ കിടപ്പുരോഗികൾക്ക് 5000 രൂപ പ്രതിമാസ സഹായം