postal

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 80ന് മുകളിൽ പ്രായമുള്ളവർ, കൊവിഡ് പോസിറ്റീവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗർ എന്നിവർക്കായുള്ള പോസ്റ്റൽ വോട്ടിംഗ് നാളെ മുതൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചവരിൽ അർഹരായ സമ്മതിദായകർക്ക് പ്രത്യേക പോളിംഗ് ടീം ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും വീടുകളിലെത്തിക്കും. പോളിംഗ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്ന ദിവസവും സമയവും അപേക്ഷകനെ എസ്.എം.എസ് ആയോ തപാലിലോ ബൂത്ത് ലെവൽ ഓഫിസർമാർ വഴിയോ വരണാധികാരികൾ മുൻകൂട്ടി അറിയിക്കും. മൈക്രോ ഒബ്സർവർ, രണ്ട് പോളിംഗ് ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥൻ, വിഡീയോഗ്രാഫർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിലെത്തുന്നത്. കൊവിഡ് രോഗികളെയും​ ക്വാറന്റൈനിൽ കഴിയുന്നവരെയും സന്ദർശിക്കാൻ പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിക്കോ സ്ഥാനാർത്ഥിയുടെ ബൂത്ത് ലെവൽ ഏജന്റ് ഉൾപ്പെടെയുള്ള അംഗീകൃത പ്രതിനിധികൾക്കോ വീടിനു പുറത്തുനിന്ന് പ്രക്രിയ നിരീക്ഷിക്കാം.