kovalam

കോവളം: ശരീരത്തിലൂടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരൻ മരിച്ചു. വെങ്ങാനൂർ ചാവടിനട റോഡിൽ ഗാന്ധിസ്മാരക ആശുപത്രിക്ക് സമീപം പ്രസരാലയത്തിൽ ആർ. പ്രകാശിന്റെയും (ഫോർട്ട് പൊലീസ് സ്റ്റേഷനിലെ റൈറ്റർ) വെങ്ങാനൂർ മദർ തെരേസ സ്‌കൂളിലെ അദ്ധ്യാപികയായ അനുഷയുടെയും ഇളയമകൻ ശിവനാരായണനാണ് മരിച്ചത്. വെങ്ങാനൂർ പി.പി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. ഇന്റർനെറ്റ് ഗെയിമിൽ തോറ്റതിനെ തുടർന്നാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് ചികിത്സിച്ച ഡോക്ടർക്ക് ശിവനാരായണൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 1.45നായിരുന്നു സംഭവം.

യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കുന്നതിനിടെ മുടിയിൽ മണ്ണെണ്ണ തേച്ച് തീപ്പെട്ടി ഉരച്ചപ്പോൾ അപകടമുണ്ടായതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

പൊലീസ് പറയുന്നതിങ്ങനെ: കുട്ടിക്കാലം മുതൽ ശിവനാരായണൻ സാഹസിക രംഗങ്ങൾ, ഇന്റർനെറ്റ് ഗെയിമുകൾ എന്നിവ കാണുന്നതിൽ അമിതമായ താത്പര്യം കാണിച്ചിരുന്നു. സംഭവദിവസം പ്രകാശ് സഹോദരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളത്തും അനുഷ ജോലിക്കും പോയിരുന്നു. ഉച്ചയോടെ ശിവനാരായണന്റെ സഹോദരൻ കൈലാസ് നാഥ് വീടിന് പുറത്തുപോയി. വീട്ടിലുണ്ടായിരുന്ന പ്രകാശിന്റെ അമ്മ ഗിരിജ കുളിക്കാൻ പോയ സമയത്ത് കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയുമായി ശിവനാരായണൻ മറ്റൊരു ബാത്ത് റൂമിൽ കയറുകയായിരുന്നു. തുടർന്ന് തലയിലൂടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. തീപടർന്നതോടെ ശിവനാരായണൻ സ്വയം വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചു. അതിനിടെ ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും അടുക്കളയുടെ ഭാഗത്ത് കുഴഞ്ഞുവീണു.

ഈ സമയം കുളികഴിഞ്ഞിറങ്ങിയ ഗിരിജയാണ് കരിഞ്ഞ ശരീരവുമായി കിടന്ന് കരയുന്ന ശിവനാരായണനെ കണ്ടത്. വൈദ്യുതാഘാതമേറ്റെന്ന് കരുതി ഉടൻ നാട്ടുകാരെയും അനുഷയെയും വിവരമറിയിച്ചു. തുടർന്ന് അനുഷയെയും കൂട്ടി 108 ആംബുലൻസിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അർദ്ധരാത്രിയോടെ ശിവനാരായണൻ മരിച്ചു. ഗിരിജയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.