തിരുവനന്തപുരം: വടക്കേ ഇന്ത്യയിൽ കന്യാസ്ത്രീകൾക്കെതിരെ ഉണ്ടായ അതിക്രമം നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരൻ ന്യായീകരിച്ചെന്ന തരത്തിൽ ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന വാർത്തയ്‌ക്കെതിരെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പരാതി നൽകി. ഇത്തരത്തിലുള്ള പരാമർശം കുമ്മനം നടത്തിയിട്ടില്ലെന്നു മാത്രമല്ല സംഭവത്തെ അദ്ദേഹം ശക്തിയായി അപലപിക്കുകയാണ് ചെയ്തത്. കുമ്മനത്തിന്റെ വിജയസാദ്ധ്യതയെ ബാധിക്കാവുന്ന തരത്തിൽ ചില തത്പരകക്ഷികൾ ഈ വ്യാജവാർത്ത വ്യാപകമായി പ്രചരിപ്പിക്കുന്നു. മാത്രമല്ല ഇത് പ്രത്യേക സമുദായാംഗങ്ങളുടെ മനസ്സിൽ കുമ്മനത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കുമെന്നും പരാതിയിൽ പറയുന്നു.