
തിരുവനന്തപുരം:ദേശീയ നേതാക്കളടക്കം കൊണ്ടും കൊടുത്തും പ്രചാരണ രംഗത്ത് കത്തികയറുമ്പോഴും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന പുതിയ സർവ്വേ ഫലം ഇടത് ക്യാമ്പിന് കൂടുതൽ ഉണർവ്വായി. ശബരിമലയിൽ അടക്കം സർക്കാരിനെ വിമർശിച്ച എൻ.എസ്.എസിന് മുഖ്യമന്ത്രി കടുത്ത മറുപടി നൽകി. സർക്കാരിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് അമിത് ഷായും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് എ.കെ.ആന്റണിയും വിമർശനത്തിന്റെ മൂർച്ച കൂട്ടി.
എന്നാൽ ഇടത്, യു.ഡി.എഫ് മുന്നണികളെ അമ്പരപ്പിച്ച പ്രകടനപത്രികയാണ് ബി.ജെ.പി ഇറക്കിയത്. എൽ.ഡി.എഫ് 2500 രൂപയും യു.ഡി.എഫ് 3000 രൂപയും ക്ഷേമപെൻഷൻ പ്രഖ്യാപിച്ചപ്പോൾ 3500 രൂപയാണ് ബി. ജെ. പി വാഗ്ദാനം.
ഇരട്ടവോട്ട് വിഷയം വിടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലശേരിയിൽ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ചെന്നിത്തല പറഞ്ഞപ്പോൾ, ആർ.എസ്.എസ് വോട്ട് കോൺഗ്രസിന് വേണ്ടെന്ന എം.എം.ഹസന്റെ നിലപാട് കല്ലുകടിയായി.
വാഗ്ദാന പെരുമഴ
ശബരിമല ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം എന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തോടെ വിശ്വാസി വോട്ടാണ് ലക്ഷ്യമെന്ന് ബി.ജെ.പി അടിവരയിട്ടു. ലൗ ജിഹാദിനെതിരെ നിയമം എന്ന പ്രഖ്യാപനത്തിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടാണ്. ഒരു കുടംബത്തിൽ ഒരാൾക്ക് ജോലിയാണ് മറ്റൊരു ജനപ്രിയ പ്രഖ്യാപനം.
ഇന്നലെ വിവിധ യോഗങ്ങളിൽ പ്രസംഗിച്ച അമിത് ഷാ സർക്കാരിനെയും കോൺഗ്രസിനെയും കശക്കി. കോൺഗ്രസ് ഭരിക്കുമ്പോൾ സോളാർ അഴിമതിയാണെങ്കിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ഡോളർ അഴിമതിയെന്നാണ് ഷാ പറഞ്ഞത്. കേരളത്തിലേക്ക് രാഹുൽ വരുന്നത് പിക്‌നിക്കിനാണെന്നും കളിയാക്കി.
എൻ.എസ്.എസിന് വിമർശനം
ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിലും മന്നം സമാധിക്ക് അവധി നിരസിച്ചതിലും അതൃപ്തി പ്രകടമാക്കിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സർക്കാരിനെതിരെ എൻ.എസ്.എസ് തുടർച്ചയായി നടത്തുന്ന വിമർശനങ്ങളിൽ സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ നാട്ടിൽ അഭിപ്രായമുണ്ടെന്നും സുകുമാരൻ നായർ അത് മനസിലാക്കുന്നത് നല്ലാതാണെന്നും അദ്ദേഹം തുറന്നടിച്ചു. നേരത്തെ മന്ത്രി കെ.കെ.ശൈലജയും എൻ.എസ്.എസിനെ വിമർശിച്ചിരുന്നു.
യു.ഡി.എഫ് വരുമെന്ന്
യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് തറപ്പിച്ച് പറഞ്ഞ എ.കെ.ആന്റണിയും മുഖ്യ ആയുധമാക്കിയത് ശബരിമലയാണ്. ശബരിമലയിലെ സംഭവങ്ങൾ വിശ്വാസികൾ മറക്കില്ലെന്ന് ആന്റണി പറഞ്ഞു. ക്രമസമാധാന പ്രശ്നവും പിൻവാതിൽ നിയമനവുമെല്ലാം അക്കമിട്ടാണ് ആന്റണി നിരത്തിയത്.
ഇരട്ടവോട്ട് -വേണ്ടിവന്നാൽ കോടതിയിലേക്ക്
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇരട്ടവോട്ടെന്ന് ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.