
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ ഇടതുപക്ഷം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും യുവതീപ്രവേശനം ആകാമെന്ന് പറയുമ്പോൾ ദേവസ്വംമന്ത്രി കടകംപള്ളി യുവതികളെ പ്രവേശിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇതിൽ ഇടതുപക്ഷത്തിനും സിപിഎമ്മിനും ഏതു നിലപാടാണെന്ന് വ്യക്തമാക്കണം. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സി.പി.എമ്മിനുവേണ്ടി പ്രചാരണത്തിലാണെന്നും എൻ.ഡി.എയുടെ പ്രകടനപത്രിക പുറത്തിറക്കിയുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബംഗാളിലും പാർലമെന്റിലും സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചാണ്. അബ്ദുൾനാസർ മഅ്ദനിയെ ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെടാനും പൗരത്വപ്രശ്നത്തിലും എല്ലാം അവരൊന്നാണ്. സ്വർണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഒാഫീസിലും പ്രതികൾ കൊടുത്ത സമ്മാനം പാർട്ടി സെക്രട്ടറിയുടെ വീട്ടിലുമാണ്. ഇത്തരക്കാരെ മടുത്ത കേരളജനത മൂന്നാം ബദലായി എൻ.ഡി.എയെ കാണുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രപദ്ധതികൾ പേരുമാറ്റി സംസ്ഥാനത്ത് അവതരിപ്പിച്ച് പേരും പ്രശസ്തിയും നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിലൂടെ ശ്രമിച്ചത്. തിരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ.പി.ഡീലുണ്ടെന്ന ആർ.എസ്.എസ് സഹയാത്രികൻ ബാലശങ്കറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യത്തിന് ബാലശങ്കറിനെ മാദ്ധ്യമങ്ങൾ തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്ന് ജാവ്ദേക്കർ പ്രതികരിച്ചു.