exam

തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതുക 4,22,226 വിദ്യാർത്ഥികൾ. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുക മലപ്പുറം ജില്ലയിലാണ്. 76,037 കുട്ടികൾ ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 11,295 പേർ.

ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറം തന്നെ; 26,520 പേർ. കുറവ് കുട്ടനാട്ടിലാണ്; 2,050.

കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സ്‌കൂൾ ഇത്തവണയും മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് തന്നെയാണ്. 2076 പേർ. ഒറ്റ വിദ്യാർത്ഥി മാത്രം പരീക്ഷയെഴുതുന്ന രണ്ട് സ്കൂളുകളുണ്ട്. തിരുവല്ല നിരണം വെസ്റ്റ് കിഴക്കുംഭാഗം സെന്റ് തോമസ് എച്ച്.എസും ഇരിങ്ങാലക്കുട സംഘമേശ്വര എൻ.എസ്.എസ് ഇ.എം.എച്ച്.എസും.

ആകെ പരീക്ഷയെഴുതുന്നവരിൽ 1,38,890 പേർ സർക്കാർ സ്കൂളുകളിലും 2,53,738 പേർ എയ്ഡഡ് സ്‌കൂളുകളിലും,​ 29,598 പേർ അൺഎയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്നവരാണ്. ഇവരിൽ 2,18,043 പേർ ഇംഗ്ലീഷ് മീഡിയത്തിൽ പരീക്ഷയെഴുതുമ്പോൾ 2,00,613 പേർ മാത്രമാണ് മലയാളത്തിൽ പരീക്ഷയെഴുതുന്നത്. ആദ്യമായാണ് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ എണ്ണം മലയാളത്തിൽ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തെ മറികടക്കുന്നത്.

ഗൾഫിൽ ഒൻപത് കേന്ദ്രങ്ങളിലായി 573 പേരും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 627പേരും പരീക്ഷയെഴുതും. മൊത്തം 2947 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഏപ്രിൽ എട്ടിനാണ് പരീക്ഷ ആരംഭിക്കുക.