കൊച്ചി : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ മലയാറ്റൂർ സ്വദേശി കാര രതീഷ് സിനിമാ സെറ്റ് തകർത്തതുൾപ്പെടെ കേസുകളിൽ പ്രതിയായതോടെ ഹൈക്കോടതി ജാമ്യം റദ്ദാക്കി. മിന്നൽ മുരളിയെന്ന സിനിമയുടെ കാലടിയിലെ സെറ്റ് തകർത്ത കേസിലടക്കം ഇയാൾ പ്രതിയാണെന്നും ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. അങ്കമാലിയിലെ ഒരു വധശ്രമക്കേസിൽ കാര രതീഷിനെ 2017 ഒക്ടോബർ 31 ന് പറവൂർ സെഷൻസ് കോടതി പത്തു വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇൗ കേസിൽ അപ്പീലിനൊപ്പം നൽകിയ ജാമ്യം പരിഗണിച്ച് 2018 മാർച്ച് 21 ന് ഹൈക്കോടതി ജാമ്യം നൽകി. പുറത്തിറങ്ങി വീണ്ടും നിരവധി കേസുകളിൽ പ്രതിയായതോടെയാണ് ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംസ്ഥാനത്തൊട്ടാകെ ഇയാൾക്കെതിരെ 27 കേസുകൾ നിലവിലുണ്ടെന്നും സർക്കാർ വ്യക്തമാക്കി.