
കളമശേരി: 25 ലക്ഷം രൂപയോളം വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതിയെ പിടികൂടി. പത്തനംതിട്ട റാന്നി വൈക്കംകരയിൽ വിളയിൽ ലക്ഷംവീട് കോളനി രാജേഷ് കുമാറിനെയാണ് (29) കളമശേരി സി.ഐ. ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഇരുപതിന് രാത്രി ഇടപ്പള്ളിയിലെ ഈസി സ്റ്റോർ എന്ന ഷോപ്പിലായിരുന്നു മോഷണം നടന്നത്.
പ്രതി ജില്ലയിൽ സൈൻബോർഡ് ജോലികൾ ചെയ്തുവരികയാണ്. രണ്ടുമാസം മുമ്പ് ഈസി സ്റ്റോറിൽ സൈൻ ബോർഡ് വർക്കിനായി രാജേഷ്‌കുമാർ വന്നിരുന്നു. പുലർച്ചെ ബൈക്കിൽ എത്തിയ പ്രതി ഷോപ്പിനോടു ചേർന്നുനിൽക്കുന്ന പുളിമരത്തിലൂടെ മുകളിലെത്തി ആക്സോ ബ്ളേഡ് ഉപയോഗിച്ച് വാതിലിന്റെ വിജാഗിരി അറുത്തുമാറ്റിയാണ് അകത്തുകടന്നത്. സി.സിടിവിയിൽ മുഖംകിട്ടാതിരിക്കാൻ ഹെൽമെറ്റ് ധരിച്ചിരുന്നു. ആർഭാടജീവിതം നയിക്കുന്നതിന് വേണ്ടിയാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ വി. ബിജു, മാഹിൻ സലിം , സുരേഷ്, മധുസൂദനൻ, ജോസി, എ.എസ്.ഐമാരായ ബിനു, അനിൽകുമാർ, കെ.കെ. ബൈജു, എസ്.സി.പി.ഒമാരായ ഡിന്നിൽ, അനൂജ് , റിനു, നൗഷാദ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.