
കൊല്ലം: കൊട്ടിയത്ത് കഞ്ചാവുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി. കൊട്ടിയം അനുഗ്രഹ ഭവനിൽ റെജി(43), മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന ഹൈദർ ഫറുഖ് (30) എന്നിവരാണ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ആന്റി നാർക്കോട്ടിക് ടീമും കൊട്ടിയം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 1.960 കിലോഗ്രാം കഞ്ചാവ് പിടികൂടി. തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയതെന്ന് പൊലീസിൽ മൊഴി നൽകി. നേരത്തെയും സമാനകേസിൽ ഇവർ പിടിയിലായിട്ടുണ്ട്. ചാത്തന്നൂർ എ.സി.പി നാസിമുദ്ദീൻ, ക്രൈം ബ്രാഞ്ച് എ.സി.പി റെജി, കൊട്ടിയം പൊലീസ് എസ്.എച്ച്.ഒ പി.കെ. ശ്രീധരൻ, എസ്.ഐമാരായ സജീർ, പ്രവീൺ, സംഗീത, ജൂനിയർ എസ്.ഐ അനൂപ്, ജില്ലാ ആന്റി നാർക്കോട്ടിക് എസ്.ഐ ജയകുമാർ, ടീം അംഗങ്ങളായ ബൈജു ജെറോം, സജു, മനു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.