wast

തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത മാലിന്യപ്പെട്ടികൾ തിരിച്ചെടുക്കാൻ ഒരുങ്ങി നഗരസഭ. ഇവയൊന്നും ജനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. കേന്ദ്രീകൃത മാലിന്യ നിർമ്മാർജ്ജന പദ്ധതി പ്രകാരം 52,000 മാലിന്യപ്പെട്ടികൾ നഗരസഭ വിതരണം ചെയ്തത്.

വിളപ്പിൽശാലയിലെ മാലിന്യ പ്ളാന്റ് അടച്ചുപൂട്ടിയതോടെയാണ് നഗരസഭ വീടുകളിൽ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചത്. മാലിന്യ നിർമ്മാർജ്ജനം കൂടുതൽ ഫലപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉറവിട മാലിന്യ സംസ്കരണത്തിനായി നഗരസഭ മാലിന്യപെട്ടികൾ സ്ഥാപിച്ചത്. എന്നാൽ ഇവയിൽ പകുതിയും ഉപയോഗിക്കാതെ നശിച്ചുപോയി. ഇപ്പോൾ പദ്ധതി വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴാണ് വിതരണം ചെയ്ത മാലിന്യപ്പെട്ടികളുടെ സ്ഥിതിയെ കുറിച്ച് പരിശോധിക്കാൻ നഗരസഭ തീരുമാനിച്ചത്. തങ്ങളുടെ അധികാര പരിധിയിൽ വരുന്ന ഹെൽത്ത് സർക്കിൾ ഓഫീസുകളോട് ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന മാലിന്യപ്പെട്ടികളുടെ കണക്ക് കൃത്യമായി ശേഖരിക്കാനും നിർദ്ദേശമുണ്ട്.

നഗരസഭയിലെ 100 വാർഡുകളിലായി 3,72,000 ഗുണഭോക്താക്കളാണുള്ളത്. ഇവർക്കായി 52,000 മാലിന്യപ്പെട്ടികൾ നൽകി. എന്നാൽ, മാലിന്യ നിർമ്മാർജ്ജനത്തിന് സൗകര്യമില്ലാത്ത 50,000 ഗുണഭോക്താക്കൾ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിട്ടുണ്ട്. ഉറവിട മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്നത് നഗരസഭയുടെ സജീവ പരിഗണനയിലാണ്. വീടുകളിലെ ഉറവിട മാലിന്യ സംസ്കരണത്തിനായി 10 കോടി രൂപയാണ് നഗരസഭ നീക്കിവച്ചിരിക്കുന്നത്.

 ലക്ഷമിട്ടത് കമ്പോസ്റ്റ്

നഗരത്തിൽ കൊവിഡ്, പകർച്ചവ്യാധി ഭീഷണികൾ ഒരു പോലെ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്താനാണ് 1800 രൂപ വിലയുള്ള ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ സൗജന്യമായി നൽകാൻ നഗരസഭ തീരുമാനിച്ചത്. ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റാം വീടുകളിൽ സ്ഥാപിക്കുന്ന മൂന്ന് തട്ടുകളുള്ള കിച്ചൺ ബിൻ യൂണിറ്റ് ഉപയോഗപ്പെടുത്തി അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസക്കാലം വരെയുണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റാൻ കഴിയുമായിരുന്നു. കിച്ചൺ ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രാകാരം അജൈവ മാലിന്യങ്ങളും അതത് വാർഡുകളിൽ നിശ്ചയിച്ചിട്ടുള്ള സർവീസ് പ്രൊവൈഡർമാർ വന്ന് ശേഖരിക്കുന്നതായിരുന്നു രീതി.