epose

കൊച്ചി: അടിക്കടി പണിമുടക്കുന്ന ഇ പോസ് മെഷീനുകൾ പട്ടിണിപ്പാവങ്ങളുടെ അന്നം മുടക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്താകെയുള്ള റേഷൻ വിതരണം മെഷനിൽ വിരൽ പതിപ്പിക്കാൻ കഴിയാത്തതിനാൽ കാർഡ് ഉടമകൾക്ക് ഒ.ടി.പി വഴിയുള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കിടെ നിരവധി തവണയാണ് ഇത്തരത്തിൽ റേഷൻ തടസപ്പെട്ടിരിക്കുന്നത്. ഒ.ടി.പി ലഭിക്കുന്നതിനിലെ സാങ്കേതിക ബുദ്ധിമുട്ടുകളാണ് പ്രശ്‌നങ്ങൾക്ക് കാരണം. 2 ദിവസമായിട്ടും പ്രശ്‌നം പരിഹരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പിനു കഴിഞ്ഞിട്ടില്ല. ഈ മാസം രണ്ടാംവാരം ഒരാഴ്ചയോളം ഇങ്ങനെ ഒട്ടേറെ കാർഡ് ഉടമകൾക്കു റേഷൻ ലഭിച്ചില്ല. പിന്നീടു മാധ്യമങ്ങളിൽ വാർത്തയായതോടെ ഇതു താൽക്കാലികമായി പരിഹരിച്ചു.
വാണിജ്യ ആവശ്യം മുൻനിർത്തിയുള്ള എസ്.എം.എസുകൾക്കു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിയന്ത്രണം ഏർപ്പെടുത്തിയതാണു കാർഡ് ഉടമകൾക്ക് എസ്.എം.എസ് ലഭിക്കാതെ വന്നത്. ഇപ്രകാരം എസ്.എം.എസുകൾ അയയ്ക്കുന്ന ടെലികോം കമ്പനികൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്ന നിർദേശം സിവിൽ സപ്ലൈസ് വകുപ്പും ടെലികോം കമ്പനികളും ശ്രദ്ധിച്ചിരുന്നില്ല.
ഇപോസ് മെഷീനിൽ വിരൽ പതിപ്പിച്ച് റേഷൻ വിതരണം തടസ്സപ്പെടുന്ന സന്ദർഭങ്ങളിലാണ് റേഷൻ കാർഡ് ഉടമകളുടെ റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) എന്ന നിലയിൽ എസ്.എം.എസ് അയക്കുന്നത്. ഈ നമ്പർ ഇപോസ് മെഷീനിൽ രേഖപ്പെടുത്തുന്ന മുറയ്ക്ക് ഉപഭോക്താവിനു റേഷൻ സാധനങ്ങൾ ലഭിക്കും.

പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണം:
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ സർക്കാർ തയ്യാറാവണം. റേഷൻ കടകളിലെത്തുന്ന അഞ്ചു പേരിൽ രണ്ടു പേർക്ക് എന്ന ക്രമത്തിൽ റേഷൻ വിതരണം മുടങ്ങുകയാണ്.

എൻ.ഷിജീർ
ഓർഗനൈസിംഗ് സെക്രട്ടറി,
കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ
ഡീലേഴ്‌സ് അസോസിയേഷൻ